venjaramoodu

വെഞ്ഞാറമൂട്: വട്ടപ്പാറ കണക്കോട് നാരായണ കോണത്ത് സീമാ ഭവനിൽ ഷെെലജയുടെയും കുഞ്ഞുങ്ങളുടെയും ദുരിത ജീവിതം ആരംഭിച്ചിട്ട് വർഷങ്ങളായി. ആറാം ക്ലാസിലും രണ്ടാം ക്ലാസിലും പഠിക്കുന്ന രണ്ട് പെൺകുട്ടികളും യു.കെ.ജിയിൽ പഠിക്കുന്ന ഒരു ആൺകുട്ടിയും അടങ്ങുന്ന ഷെെലജയുടെ കുടുംബം നിത്യ ദാരിദ്ര്യത്തിലാണ് കഴിയുന്നത്.

ഷെെലജയുടെ ഭർത്താവ് നെയ്യാറ്റിൻകര വെൺപകൽ സ്വദേശി അനിൽകുമാറിന് മറ്റൊരു ഭാര്യയും കുഞ്ഞുമുണ്ട്. അനിൽകുമാർ അവരോടൊപ്പമാണ് താമസം. അച്ഛന്റെ സംരക്ഷണവും വാത്സല്യവും ലഭിക്കാത്ത കുഞ്ഞുങ്ങളുടെ കണ്ണുകളിൽ ദെെന്യതയും ദാരിദ്ര്യവും നിഴലിക്കുന്നു. ഷെെലജയുടെ അമ്മ മരിച്ചതിന് ശേഷം തീർത്തും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഷെെലജയും മക്കളും കഴിഞ്ഞുകൂടുന്നത്. പന്നിയും കുരങ്ങുശല്യവും ധാരാളമുള്ള കുന്നിൻ പ്രദേശത്തെ പ്ലാസ്റ്റിക്ക് കൊണ്ടു മറച്ച കൂരയ്ക്ക് കീഴിൽ മക്കളെ തനിച്ചാക്കി ജോലിക്ക് പോകാനും കഴിയാത്ത അവസ്ഥയിലാണ് ഷെെലജ. വാർഡ് മെമ്പറുടെയും പരിസര വാസികളുടെയും കാരുണ്യം കൊണ്ടാണ് ഈ കുടുംബം കഴിയുന്നത്.

പഞ്ചായത്തിൽ നിന്നും ലെെഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഷെെലജയ്ക്ക് വീട് അനുവദിച്ചുവെങ്കിലും സ്വന്തമായി വസ്തു ഇല്ലാത്തതിനാൽ നിസഹായവസ്ഥയിലാണ് ഈ കുടുംബം. തൊട്ടടുത്ത പുരയിടത്തിൽനിന്നും നാലര സെന്റ് വസ്തു ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ വില പറഞ്ഞുറപ്പിച്ച് സ്വന്തം സമ്പാദ്യവും കടം വാങ്ങിയതും ചേർത്ത് മുപ്പതിനായിരം നൽകി ബാക്കി ഒരു ലക്ഷം നൽകാൻ നിവൃത്തിയില്ലാതെ മൂന്ന് കുഞ്ഞുങ്ങളെയും ചേർത്ത് പിടിച്ച് വിതുമ്പുകയാണ് ഈ വീട്ടമ്മ. സ്വന്തമായി വസ്തുവില്ലെങ്കിൽ അനുവദിച്ച വീടും കൂടി നഷ്ടപ്പെടുന്ന അവസ്ഥയിലാണ്. ഷെെലജ ഉൾപ്പെടുന്ന സഭയിൽ നിന്നും ജാതി സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ ഷെെലജയുടെ കുഞ്ഞുങ്ങൾ ഇന്നും സ്കൂളിൽ ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ് നൽകാതെയാണ് പഠിക്കുന്നത്. ഇത് കാരണം ഷെെലജയെ ജനറൽ വിഭാഗത്തിലാണ് പഞ്ചായത്ത് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതുകൊണ്ട് തന്നെ മണ്ണും വീടും പദ്ധതിയിൽ ഷെെലജയെ ഉൾപ്പെടുത്താൻ കഴിയില്ലായെന്ന് വാർഡ് മെമ്പർ പറയുന്നു. മൂന്ന് പിഞ്ചു കുഞ്ഞുങ്ങൾക്കും ഷെെലജക്കും തലചായ്ക്കാൻ അടച്ചുറപ്പുള്ള ഒരു വീടിനു വേണ്ടി സുമനസുകളുടെ സഹായം തേടി എസ്.ബി.ഐ വട്ടപ്പാറ ശാഖയിൽ അക്കൗണ്ട് തുറന്നിട്ടുണ്ട്. A|C. NO. 67244837034. IFSC-SBIN0012319.