തിരുവനന്തപുരം: തലസ്ഥാനത്ത് കൊവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കി. ഇന്ന് മുതൽ നഗരത്തിൽ കണ്ടെയിൻമെന്റ് സോണിന് സമീപത്തെ അഞ്ച് റോഡുകൾ അടച്ച് പരിശോധന നടത്തും. സെക്രട്ടേറിയറ്റിന് മുന്നിൽ ഉൾപ്പെടെ നഗരത്തിലെ പ്രതിഷേധ സമരങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തും. അനാവശ്യയാത്രകൾ പരമാവധി ഒഴിവാക്കുന്നതോടൊപ്പം ആൾക്കൂട്ടം ഒരുതരത്തിലും അനുവദിക്കില്ല. നഗരത്തിൽ മണക്കാട് ഐരാണിമുട്ടം പ്രദേശത്തും, റൂറൽ മേഖലയിൽ കാട്ടാക്കടയിലുമാണ് കണ്ടെയിൻമെന്റ് സോണുകളുള്ളത്. കണ്ടെയിൻമെന്റ് സോണുകളിൽ ഇന്ന് മുതൽ സ്രവ പരിശോധന ആരംഭിക്കും. ബോധവത്കരണ പ്രവർത്തനങ്ങളും ആരംഭിച്ചിട്ടുണ്ട്. സമ്പർക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവർത്തനങ്ങളും ഉടൻ പൂർത്തിയാക്കും. എന്നാൽ സെക്രട്ടേറിയറ്റും മറ്റ് സുപ്രധാന ഓഫീസുകളും ഉൾപ്പെടുന്ന തലസ്ഥാനത്തെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് നഗരത്തെ ഇതിനോടകം ഹോട്ട് സ്‌പോട്ടായി പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ ജനജീവിതം തടസപ്പെടില്ലെങ്കിലും പൊലീസിന്റെ കർശന നിരീക്ഷണമുണ്ടാകും. പരിശോധനയിൽ യാതൊരു വീഴ്ചയും ഉണ്ടാകരുതെന്ന് പൊലീസിന് പ്രത്യേക നിർദേശം നൽകിയിട്ടുണ്ട്.
ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വന്നതോടെ നഗരത്തിൽ ആളുകൾ കൂട്ടം കൂടുന്ന സ്ഥിതിയുണ്ടായിരുന്നു. മാർഗനിർദേശങ്ങൾ പലതും അവഗണിക്കുന്ന നിലയായി. കഴിഞ്ഞ ദിവസം ഐരാണിമുട്ടത്ത് ആട്ടോ ഡ്രൈവർക്കും കുടുംബത്തിനും രോഗബാധയുണ്ടായതോടെയാണ് സ്ഥിതി വഷളാകാതിരിക്കാൻ കർശനമായ നടപടികളിലേക്ക് കടക്കാൻ തീരുമാനിച്ചത്. പാപ്പനംകോട് ഡിപ്പോയിലെ ഡ്രൈവർക്കും മണക്കാട് മൊബൈൽ ഷോപ്പ് നടത്തുന്ന യുവാവിനും രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ആരോഗ്യവകുപ്പിന്റെ കണക്കുപ്രകാരം നാലുപേരാണ് തിരുവനന്തപുരത്ത് മരിച്ചത്. ഇതിൽ ട്രെയിൻ മാറിക്കയറി തലസ്ഥാനത്തെത്തിയ തെലങ്കാന സ്വദേശി ഒഴികെ മറ്റുള്ള മൂന്നു പേരുടെയും രോഗബാധയുടെ ഉറവിടം വ്യക്തമല്ല.
കർശന നിയന്ത്രണങ്ങൾ
60 വയസിന് മുകളിലുള്ളവരും ഗുരുതര രോഗമുള്ളവരും പത്തു വയസിനു താഴെയുള്ള കുട്ടികളെയും അത്യാവശ്യ കാര്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാൻ അനുവദിക്കില്ല
ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികളെ സന്ദർശിക്കുന്നത് തടയും
കിടത്തി ചികിത്സ നൽകുന്ന രോഗികളുടെ കൂടെ സഹായിയായി ഒരാൾ മാത്രം
എല്ലായിടത്തും സാമൂഹ്യഅകലം ഉറപ്പാക്കും
വ്യാപാര, വാണിജ്യ സ്ഥാപനങ്ങളിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കും.
പൊതുഇടങ്ങളിൽ 'ബ്രേക്ക് ദ ചെയിൻ' മാർഗ നിർദ്ദേശങ്ങൾ നിർബന്ധമാക്കും