മംഗളൂരു: 20ാമത്തെ കൊലക്കേസിലും സീരിയൽ കില്ലർ സയനൈഡ് മോഹനെ (57) കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി.
കാസർകോട് സ്വദേശിനിയായ യുവതിയെ ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സയനൈഡ് നൽകി കൊലപ്പെടുത്തിയ കേസിലാണ് മംഗളൂരു അഡീ. സെഷൻസ് കോടതി (ആറ്) കുറ്റക്കാരനെന്ന് കണ്ടെത്തിയത്. 24 ന് ശിക്ഷ വിധിക്കും.
25 കാരിയായ യുവതിയെയാണ് വിവാഹ വാഗ്ദാനം നൽകി കാസർകോട്ടു നിന്നും ബംഗളൂരുവിലേക്ക് കൊണ്ടുപോയി സയനൈഡ് മോഹൻ കൊലപ്പെടുത്തിയത്. 2009 ജൂലൈ എട്ടിന് സുള്ള്യയിലെ ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ യുവതിയെ സുള്ള്യയിൽ നിന്നും ബംഗളൂരുവിലേക്ക് കൂട്ടിക്കൊണ്ടുപോവുകയായിരുന്നു. പിന്നീട് യാതൊരു വിവരവുമില്ലാത്തതിനെ തുടർന്ന് വീട്ടുകാർ അന്വേഷിച്ചപ്പോഴാണ് മരണപ്പെട്ടതായി വിവരം ലഭിച്ചത്. യുവതിക്ക് സയനൈഡ് ഗുളിക നൽകിയ ശേഷം കൊലപ്പെടുത്തുകയായിരുന്നു. ബസ് സ്റ്റാൻഡിലെ ടോയ്‌ലെറ്റിലായിരുന്നു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഇത്തരത്തിൽ 32 യുവതിയെ ഇയാൾ കൊലപ്പെടുത്തിയതായി പൊലീസ് കണ്ടെത്തിയിരുന്നു. പല കേസുകളിലും ഇയാളെ കുറ്റക്കാരനെന്ന് കണ്ടെത്തുകയും കോടതി ജീവപര്യന്തം തടവിന് വരെ ശിക്ഷിക്കുകയും ചെയ്തിരുന്നു.