kovalam

കോവളം: ആയ് രാജവംശത്തിന്റെ ഭരണകാലത്ത് നിർമ്മിച്ചതെന്നു കരുതുന്ന പുരാതന വിഷ്ണുക്ഷേത്രം തകർന്നു. ഇപ്പോൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള പത്താം നൂറ്റാണ്ടിൽ നിർമിതമായ ക്ഷേത്രം ശോചനീയാവസ്ഥയിലായിരുന്നു. കാലവർഷം ശക്തിപ്രാപിച്ചതോടെ കഴിഞ്ഞ ദിവസം പൂർണമായും തകർന്നു. ശിവലിംഗ പ്രതിഷ്ഠയുള്ള ശിവക്ഷേത്രവും അപകടാവസ്ഥയിലാണ്. വിഴിഞ്ഞം കോസ്റ്റൽ പൊലീസ് സ്റ്റേഷന് അരികിലുള്ള കടപ്പുറം ചന്തയോട് ചേർന്നാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. വിജയപുരി എന്നറിയപ്പെട്ടിരുന്ന വിഴിഞ്ഞം ഒരു കാലത്ത് ആയ് രാജാക്കന്മാരുടെ രാജധാനി ആയിരുന്നു. ആയ് രാജാവായിരുന്ന കരുനന്തടക്കനാണ് ക്ഷേത്രം സ്ഥാപിച്ചതെന്ന് കരുതുന്നു. എന്നാൽ പിന്നീട് പാണ്ഡ്യ, ചോള രാജാക്കന്മാരുടെ ആക്രമണം പല തവണ ഏറ്റുവാങ്ങേണ്ടി വന്നതിനാൽ വിഴിഞ്ഞം കാന്തള്ളൂർശാല ഉൾപ്പെടുന്ന പ്രദേശം നശിപ്പിക്കപ്പെട്ടു. കാന്തള്ളൂർ ശാലയുടെ ഒരു ഭാഗമായിരിക്കാം ഈ ക്ഷേത്രമെന്ന് പറയപ്പെടുന്നു. കാലങ്ങളായി വേണ്ടവിധം സംരക്ഷിക്കാത്തതിനാൽ നാശോന്മുഖമായ അമ്പലപരിസരം പൂർണമായും കാടുമൂടിയിരിക്കുകയാണ്. അമ്പലത്തിലേക്കുള്ള വഴിയും ചുറ്റിലുള്ള ഭൂമിയും കൈയേറി കടകളും കെട്ടിടങ്ങളും നിർമിച്ചിരിക്കുകയാണ്. ചരിത്രപ്രാധാന്യമുള്ള ക്ഷേത്രം പുനഃരുദ്ധരിച്ച് സംരക്ഷിക്കാൻ ദേവസ്വം ബോർഡ് തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.