തിരുവനന്തപുരം: ഇന്നലെ ജില്ലയിൽ ഒമ്പത് പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചു. കേശവദാസപുരം പാറോട്ടുകോണം സ്വദേശി (35), പോത്തൻകോട് സ്വദേശി (36), നാവായിക്കുളം സ്വദേശി (43), ബാലരാമപുരം സ്വദേശി (32), ബാലരാമപുരം സ്വദേശിനി (21), വഞ്ചിയൂർ കുന്നുകുഴി സ്വദേശി (58), അമ്പലത്തറ പൂന്തുറ സ്വദേശി (40), കഠിനംകുളം സ്വദേശി (25), വർക്കല എലങ്കം സ്വദേശി (42) എന്നിവർക്കാണ് രോഗം സ്ഥിരീകരിച്ചത്.
പാറോട്ടുകോണം സ്വദേശി 13ന് സൗദിയിൽ നിന്നാണെത്തിയത്. പോത്തൻകോട് സ്വദേശി കുവൈറ്റിൽ നിന്ന് 13നെത്തി. നാവായിക്കുളം സ്വദേശി 19ന് മസ്‌കറ്റിൽ നിന്നും ബാലരാമപുരം സ്വദേശികളായ പുരുഷനും സ്ത്രീയും കുവൈറ്റിൽ നിന്ന് 14നുമെത്തി. കുന്നുകുഴി സ്വദേശി 11ന് ചെന്നൈയിൽ നിന്ന് വിമാനത്തിലാണ് തിരുവനന്തപുരത്തെത്തിയത്. അമ്പലത്തറ പൂന്തുറ സ്വദേശി സൗദിയിൽ നിന്ന് 4നും കഠിനംകുളം സ്വദേശി ദമാമിൽ നിന്ന് 3നുമെത്തി. മേയ് 29ന് അബുദാബിയിൽ നിന്നെത്തിയ വർക്കല സ്വദേശി ജൂൺ ആറ് വരെ സർക്കാർ നിരീക്ഷണ കേന്ദ്രത്തിലായിരുന്നു. തുടർന്ന് വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. വിമാനത്തിൽ ഒപ്പമുണ്ടായിരുന്നയാൾക്ക് രോഗം സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്രവ പരിശോധന നടത്തിയപ്പോഴാണ് രോഗം കണ്ടെത്തിയത്. ഇയാൾക്ക് പ്രകടമായ രോഗലക്ഷണങ്ങൾ ഉണ്ടായിരുന്നില്ല. ഇന്നലെ ജില്ലയിൽ പുതുതായി 890 പേർ രോഗനിരീക്ഷണത്തിലായി. 193 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 19,285 പേർ വീടുകളിലും 1,176 പേർ സ്ഥാപനങ്ങളിലും കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ ഇന്ന് രോഗലക്ഷണങ്ങളുമായി 47 പേരെ പ്രവേശിപ്പിച്ചു. 32 പേരെ ഡിസ്ചാർജ് ചെയ്‌തു. വിവിധ ആശുപത്രികളിൽ 157 പേർ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 299 സാമ്പിളുകൾ പരിശോധനയ്‌ക്കായി അയച്ചു. 303 പരിശോധന ഫലങ്ങൾ ലഭിച്ചു.
ആകെ നിരീക്ഷണത്തിലുള്ളവർ - 20,618
വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -19,285
ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ - 157
കൊവിഡ് കെയർ സെന്ററുകളിൽ നിരീക്ഷണത്തിലുള്ളവർ - 1176
പുതുതായി നിരീക്ഷണത്തിലുള്ളവർ - 890