usharani

ചെന്നൈ: ബാല താരമായും നായികയായും സഹനടിയായും തെന്നിന്ത്യൻ സിനിമാ ലോകത്ത് നാലു പതിറ്റാണ്ടോളം സജീവമായിരുന്ന നടി ഉഷാറാണി (64) അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെത്തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ, ഇന്നലെ പുലർച്ചെ മൂന്നോടെയായിരുന്നു അന്ത്യം. ചെന്നൈയിലെ വൽസരവാക്കത്തെ വീട്ടിലെ ചടങ്ങുകൾക്കു ശേഷം സംസ്‌കാരം ഇന്ന് പോരൂർ ശ്മശാനത്തിൽ നടക്കും.

മലയാളത്തിലെ പ്രമുഖ സംവിധായകനായിരുന്ന എൻ.ശങ്കരൻനായരുടെ ഭാര്യയാണ്. മകൻ :വിഷ്ണു ശങ്കർ. മരുമകൾ : കവിത.
മാതാവ് സുകേശിനി വർക്കല സ്വദേശിയാണെങ്കിലും ഉഷാറാണി ജനിച്ചതും വളർന്നതും ചെന്നൈയിലാണ്. പിതാവ് കൃഷ്ണ റാവു ചെന്നൈ സ്വദേശിയാണ്. 1966 ൽ 'ജയിൽ' എന്ന ചിത്രത്തിൽ ബാലതാരമായാണ് അരങ്ങേറ്റം. മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി മുപ്പതോളം ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. നാലു തെന്നിന്ത്യൻ ഭാഷകളിലും അഭിനയിച്ചെങ്കിലും മലയാളത്തിലായിരുന്നു കൂടുതൽ ചിത്രങ്ങൾ. തെലുങ്കിൽ എൻ.ടി.രാമറാവു, തമിഴിൽ എം.ജി.ആർ, ശിവാജി ഗണേശൻ, കമൽഹാസൻ, കന്നഡടയിൽ രാജ് കുമാർ, മലയാളത്തിൽ പ്രേം നസീർ തുടങ്ങി തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം അഭിനയിച്ചു. പ്രേം നസീറിന്റെ സഹോദരിയായും കാമുകിയായും ഭാര്യയുമായും അഭിനയിച്ച അപൂർവ്വതയും സ്വന്തം. ഒരു ഹിന്ദി ചിത്രമുൾപ്പെടെ 200ലേറെ സിനിമകളിൽ വേഷമിട്ടു.
19-ാം വയസിലാണ് അന്നു 51 വയസുണ്ടായിരുന്ന എൻ.ശങ്കരൻ നായരെ വിവാഹം കഴിച്ചത്. പിന്നീട് എട്ടു വർഷത്തോളം സിനിമയിൽ നിന്നു വിട്ടു നിന്നെങ്കിലും വീണ്ടും സജീവമായി. അഹം, തലസ്ഥാനം, ഏകലവ്യൻ,പത്രം ഉൾപ്പെടെ ഒട്ടേറെ സിനിമകളിൽ ശ്രദ്ധേയ വേഷം ചെയ്തു. ഭർത്താവിന്റെ മരണത്തോടെ സിനിമയിൽ നിന്നു മാറിയ ഉഷാ റാണിയുടെ അവസാന ചിത്രം 2004ൽ പുറത്തിറങ്ങിയ മയിലാട്ടമാണ്.