ആലുവ: ബൈക്കപകടത്തിൽപ്പെട്ട യുവാവിന്റെ ചികിത്സാ ചെലവിനുള്ള പണത്തിനായി സംഘടിപ്പിച്ച ബിരിയാണി ചലഞ്ചിനിടെ പാചകക്കാരനായ ബന്ധു കുഴഞ്ഞുവീണ് മരിച്ചു. ആലുവ മുപ്പത്തടം എരമം പടുവത്തിൽ കൊച്ചു ഖാദറിന്റെ മകൻ അഷറഫാണ് (56) മരിച്ചത്.
ഇന്നലെ ഉച്ചയോടെയാണ് സംഭവം. ആലുവയിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബൈക്കപകടത്തിൽ പരിക്കേറ്റ ഏലൂക്കര സ്വദേശി ഷെമീറിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാണ് ചികിത്സാ സഹായ സമിതി ബിരിയാണി ചലഞ്ച് നടത്തിയത്.
കാറ്ററിംഗ് സർവീസ് നടത്തുന്ന അഷറഫ് പാചക ചുമതല സ്വയം ഏറ്റെടുത്തതാണ്. അവസാന ഘട്ടത്തിൽ പായ്ക്കിംഗിനിടെയാണ് കുഴഞ്ഞു വീണത്. ഭാര്യ: നസീമ. മക്കൾ: ഉമർ മുക്താർ, അൻസിയ, അബീഷ. മരുമക്കൾ: ഷിനാസ്, ജബ്ബാർ.
ജൂൺ ഒന്നിന് ആലുവ പെരുമ്പാവൂർ റൂട്ടിൽ ചൂണ്ടി കവലയിൽ ഷെമീറും മകൻ മുഹമ്മദ് ഫയാസും സഞ്ചരിച്ചിരുന്ന ബൈക്കിൽ കാറിടിച്ചാണ് അപകടമുണ്ടായത്. നട്ടെല്ലിന് ഗുരുതരമായ പരിക്കേറ്റ ഷെമീർ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിലാണ്. രണ്ട് ശസ്ത്രക്രിയകൾ കഴിഞ്ഞു. ഒന്നുകൂടി ഉടനെ ചെയ്യേണ്ടിവരും. ഒമ്പതു ലക്ഷം രൂപയോളമായിട്ടുണ്ട് ചിലവ്. മുഹമ്മദ് ഫയസിന് നിസ്സാരപരിക്കേ ഉണ്ടായിരുന്നുള്ളൂ. മിനിലോറി ഡ്രൈവറായ ഷെമീറിന്റേത് നിർദ്ധനകുടുംബമാണ്. എരമത്തെ വാടകവീട്ടിലാണ് താമസം. മൂവായിരം ബിരിയാണിയുണ്ടാക്കി 100 രൂപ വിലയിട്ട് വിറ്റ് ധനസമാഹരണമായിരുന്നു ലക്ഷ്യം. ചെലവ് കഴിഞ്ഞ് രണ്ടര ലക്ഷം രൂപയോളം ലഭിച്ചിട്ടുണ്ട്.