prannoy-pullela

മലയാളി താരം എച്ച്.എസ്. പ്രണോയ്‌യെ ഇന്ത്യൻ കോച്ച് പുല്ലേല ഗോപിചന്ദ് അർജുന

അവാർഡിനായി നോമിനേറ്റ് ചെയ്തു

പ്രണോയ്‌‌യെ ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ ഒഴിവാക്കിയിരുന്നു

മലയാളി വനിതാതാരം അപർണാബാലനെ നോമിനേറ്റ് ചെയ്ത് സൈന നെഹ്‌‌വാൾ

തിരുവനന്തപുരം : ബാഡ്മിന്റൺ അസോസിയേഷൻ ഒഫ് ഇന്ത്യ അർജുന അവാർഡ് പട്ടികയിൽ നിന്ന് തഴഞ്ഞ മലയാളിതാരങ്ങളുടെ കൈപിടിച്ച് ദേശീയ ബാഡ്മിന്റൺ ചീഫ് കോച്ച് പുല്ലേല ഗോപിചന്ദും ഒളിമ്പിക് മെഡലിസ്റ്റ് സൈന നെഹ്‌വാളും.

അസോസിയേഷന്റെ ഇഷ്ടക്കാരുടെ പട്ടികയില്ലാത്തതിനാൽ കായിക പുരസ്കാരത്തിനുള്ള നാമനിർദ്ദേശ പട്ടികയിൽനിന്ന് തുടർച്ചയായി ഒഴിവാക്കുന്ന എച്ച്.എസ്. പ്രണോയ്‌യെയും അപർണ ബാലനെയുമാണ് മുൻ അവാർഡ് ജേതാക്കൾ എന്ന നിലയിൽ ഗോപിചന്ദും സൈനയും നാമനിർദ്ദേശം ചെയ്തത്. കഴിഞ്ഞ രണ്ടുവർഷമായി തന്നെ അർജുന അവാർഡ് ശുപാർശകളിൽനിന്ന് ഒഴിവാക്കിയതിനെതിരെ ട്വിറ്ററിലൂടെ ശക്തമായി പ്രതികരിച്ചിരുന്ന പ്രണോയ്‌യെ ഫെബ്രുവരിയിൽ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതെ ബാഴ്സലോണയിലെ പ്രൊഫഷണൽ ടൂർണമെന്റിൽ പങ്കെടുത്തു എന്ന 'കുറ്റം" ചാർത്തി കാരണംകാണിക്കൽ നോട്ടീസ് നൽകിയതിന് തൊട്ടുപിന്നാലെയാണ് പുല്ലേല താൻ വ്യക്തിപരമായ ശുപാർശ നൽകിയതായി വെളിപ്പെടുത്തിയത്. പ്രണോയ്ക്ക് അസോസിയേഷൻ ഷോക്കാസ് നോട്ടീസ് നൽകുന്നതിന് ദിവസങ്ങൾക്ക് മുമ്പേതന്നെ ഗോപിചന്ദ് ശുപാർശയിൽ ഒപ്പിട്ടിരുന്നു.

. 'കോമൺ വെൽത്ത് ഗെയിംസിലും ഏഷ്യൻ ചാമ്പ്യൻഷിപ്പിലുമൊക്കെ മെഡൽ നേടിയവരെ ഒഴിവാക്കി ഒന്നും നേടാത്തവരെ ശുപാർശ ചെയ്യുന്നുവെന്നും ഇൗ രാജ്യം ഒരു വലിയ തമാശയാണെന്നുമായിരുന്നു പ്രണോയ്‌യുടെ ട്വീറ്റ്. ഇതോടെയാണ് ഫെബ്രുവരിയിലെ ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതിരുന്നത് വലിയ പ്രശ്നമാക്കി അസോസിയേഷൻ കാരണംകാണിക്കൽ നോട്ടീസ് നൽകിയത്. 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ ശക്തമായ നടപടിയെടുക്കുമെന്നും ഭീഷണിയുണ്ട്. അതേസമയം പ്രണോയ്‌യ്ക്കൊപ്പം ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാതെ ബാഴ്സലോണയിൽ കളിക്കാൻ പോയ കെ. ശ്രീകാന്തിന്റെ അപേക്ഷ അസോസിയേഷൻ കേന്ദ്ര കായികമന്ത്രാലയത്തിന് സമർപ്പിക്കുകയും ചെയ്തു.

ഇതേ ഇരട്ടത്താപ്പു തന്നെയാണ് അപർണയുടെ കാര്യത്തിലും നടക്കുന്നത്. 2010 കോമൺവെൽത്ത് ഗെയിംസിലും നിരവധി സാഫ് ഗെയിംസുകളിലും ദേശീയ ചാമ്പ്യൻഷിപ്പുകളിലും സ്വർണം നേടിയിട്ടുള്ള അപർണയെ അസോസിയേഷൻ മനപൂർവം തഴയുകയായിരുന്നു. അസോസിയേഷന്റെ തലപ്പത്തുള്ളവർ തങ്ങൾക്ക് വേണ്ടപ്പെട്ടവരെ മാത്രമാണ് പിന്തുണയ്ക്കുന്നതെന്ന് നേരത്തെയും ആരോപണം ഉയർന്നിട്ടുണ്ട്.

. സാധാരണ ഗതിയിൽ അതത് കായിക അസോസിയേഷനുകളാണ് പുരസ്കാരത്തിന് യോഗ്യരായ കളിക്കാരെ കേന്ദ്രകായിക മന്ത്രാലയത്തിന് ശുപാർശ ചെയ്യുന്നത്.

. മുൻ വർഷങ്ങളിൽ ഖേൽരത്‌ന , അർജുന പുരസ്കാരങ്ങൾ നേടിയവർക്ക് ഒാരോവർഷവും ഒരുതാരത്തെ നാമനിർദ്ദേശം ചെയ്യാം. സൈനയും ഗോപിചന്ദും ഖേൽരത്‌ന അവാർഡ് ലഭിച്ചവരാണ്.

. അസോസിയേഷനുകളുടെ ശുപാർശ ഇത്തവണ വലിയ വിവാദങ്ങൾ സൃഷ്ടിച്ചതിനാൽ കായിക താരങ്ങൾക്ക് സ്വന്തംനിലയിൽ അപേക്ഷിക്കാനുള്ള അവസരവും കായിക മന്ത്രാലയം നൽകിയിരുന്നു.

'ഖേൽരത്‌‌ന പുരസ്കാര ജേതാവ് എന്ന നിലയിൽ എനിക്ക് ഒരാളെ നാമനിർദ്ദേശം ചെയ്യാം. പ്രണോയ്യ്ക്ക് അർജുന ലഭിക്കാൻ അർഹതയുള്ളതിനാലാണ് നോമിനേറ്റ് ചെയ്തത്. ഇന്ത്യൻ കോച്ചെന്ന നിലയിലല്ല മുൻ അവാർഡ് ജേതാവ് എന്ന നിലയിലാണ് എന്റെ ശുപാർശ."

പുല്ലേല ഗോപിചന്ദ്

അന്ന് ടോമിനെ ശുപാർശ‌

ചെയ്തത് ഉദയകുമാർ

ദേശീയ കായികരംഗത്ത് ഏറെ വിവാദമായ സംഭവമാണ് മലയാളി വോളിബാൾ താരം ടോം ജോസഫിന് പലതവണ അർജുന അവാർഡ് നിഷേധിച്ചത്. അർഹതയുണ്ടായിട്ടും പലതവണ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട ടോമിന് ഒടുവിൽ 2014 ൽ പുരസ്കാരം ലഭിച്ചു. പക്ഷേ ആ തവണ ടോമിനെ അർജുനയ്ക്കായി നോമിനേറ്റ് ചെയ്തിരുന്നത് വോളിബാൾ ഫെഡറേഷൻ ഒഫ് ഇന്ത്യ ആയിരുന്നില്ല. തങ്ങൾക്ക് വേണ്ടപ്പെട്ടവരെ ഫെഡറേഷൻ നോമിനേറ്റ് ചെയ്തപ്പോൾ അന്ന് ടോമിന്റെ സഹായത്തിനെത്തിയത് മുൻ അർജുന ജേതാവായ വോളിതാരം ഉദയകുമാറായിരുന്നു.‌

ആ ശുപാർശയിലാണ് ടോമിന് പുരസ്കാരം ലഭിച്ചത്. അത്തരത്തിലൊരു സഹായമാണ് ഇപ്പോൾ ഗോപിചന്ദ് പ്രണോയ്ക്ക് നൽകിയിരിക്കുന്നത്.

'ദേശീയ ഫെഡറേഷനുകളുടെ തലപ്പത്തിരിക്കുന്നവരുടെ കാലുപിടിച്ചാൽ മാത്രമേ കഴിവുള്ള താരങ്ങൾക്ക് പോലും അർഹമായ അംഗീകാരങ്ങൾ ലഭിക്കൂ എന്ന സ്ഥിതിക്ക് ഒരുമാറ്റവും വന്നിട്ടില്ല. പ്രണോയ്‌യുടെയും അപർണ ബാലന്റെയും പ്രതിഭ തിരിച്ചറിഞ്ഞ് നോമിനേഷൻ നൽകാൻ തയ്യാറായ ഗോപിചന്ദ് സാറിനും സൈനയ്ക്കും നന്ദി. ഇൗ പോരാട്ടത്തിന് എല്ലാ പിന്തുണയും .

ടോം ജോസഫ്

വോളിബാൾ താരം.