തിരുവനന്തപുരം :സംസ്ഥാനത്ത് കൊവിഡിന്റെ സമൂഹവ്യാപനം ഉണ്ടെന്ന സൂചന നൽകി ഐ.സി.എം.ആറിന്റെ (ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് ) റിപ്പോർട്ട്. സമൂഹവ്യാപനം കണ്ടെത്താൻ തൃശൂർ, എറണാകുളം, പാലക്കാട് ജില്ലകളിൽ 1193 സാമ്പിളുകൾ പരിശോധിച്ചതിൽ നാലു പേർക്ക് രോഗം സ്ഥിരീകരിച്ചു. തൃശൂരും എറണാകുളത്തുമാണ് ഇവ. മേയ് 18 മുതൽ ആരംഭിച്ച പരിശോധനയിൽ ലക്ഷണങ്ങളില്ലാത്തവരിലാണ് രോഗം കണ്ടെത്തിയത്. ഇതാണ് സമൂഹവ്യാപനത്തിന് തുടക്കമായി ചൂണ്ടിക്കാട്ടുന്നത്. വിവരങ്ങൾ ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയ്ക്ക് ഐ.സി.എം.ആർ ഉടൻ കൈമാറും.
രോഗവ്യാപനം കൂടുതലുള്ള ജില്ലകളെ കേന്ദ്രീകരിച്ച് ഐ.സി.എം.ആറിന്റെ രണ്ടാംഘട്ട സർവേ ഉടൻ ആരംഭിക്കും. സംസ്ഥാനത്ത് രണ്ടാഴ്ച മുമ്പ് 10000 പേർക്ക് ആന്റിബോഡി ടെസ്റ്റ് നടത്തിയിരുന്നു. ഇതിന്റെ ഫലം വന്നിട്ടില്ല.