fake-degree

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് വർഷത്തെ ഓണേഴ്സ് ബിരുദ പ്രോഗ്രാമുകൾ ഉൾപ്പെടെ നവീന ബിരുദ, ബിരുദാനന്തര കോഴ്സുകൾ തുടങ്ങാനുള്ള ശുപാർശയ്ക്ക് സർക്കാരിന്റെ അംഗീകാരം . തൊഴിൽ ലഭ്യതയും, ഉപരിപഠന സാദ്ധ്യതയും ഉറപ്പ് വരുത്തൽ ഉൾപ്പെടെ, ഉന്നതവിദ്യാഭ്യാസ മേഖലയിൽ സമഗ്രമാറ്റങ്ങൾ ശുപാർശ ചെയ്യുന്നതാണ് ആറംഗ സമിതിയുടെ റിപ്പോർട്ട്. ഗവർണറുടെ അനുമതിയോടെ, ഇത് സംബന്ധിച്ച ഉത്തരവ് ഉടനിറങ്ങും.

പരമ്പരാഗത ശാസ്ത്ര, ശാസ്‌ത്രേതര വിഷയങ്ങളിൽ ആഗോള അംഗീകാരമുള്ള നാലു വർഷ ഓണേഴ്സ് ബിരുദ പ്രോഗാമുകൾ തുടങ്ങണമെന്നതാണ് എം.ജി സർവകലാശാല വി.സി പ്രൊഫ. സാബു തോമസ് അദ്ധ്യക്ഷനും കേരള ചരിത്ര കൗൺസിൽ ഡയറക്ടർ പ്രൊഫ.സനൽ മോഹൻ കൺവീനറുമായ സമിതിയുടെ പ്രധാന ശുപാർശ. വിദേശത്ത് ഉപരി പഠനത്തിന് പോകുന്നവർക്ക് ഒരു വർഷം അധികം ചെലവഴിക്കേണ്ടി വരുന്നത് ഇതു വഴി ഒഴിവാക്കാനാവും. പരമ്പരാഗത ശാഖകളിൽ അഞ്ച് വർഷത്തെ ഇന്റഗ്രേറ്റഡ് , പ്രമുഖ വിദേശ സർവകലാശാലകളോട് മത്സരിക്കാൻ പര്യാപ്തമായ ബിരുദ പ്രോഗ്രാമുകളും സമിതിയുടെ ശുപാർശകളിലുണ്ട്. സംസ്ഥാനത്ത് നിലവിലുള്ള പല ത്രിവത്സര ബിരുദ കോഴ്സുകൾക്കും വിദേശ സർവകലാശാലകളുടെ അംഗീകാരം ലഭിക്കുന്നില്ല. കേരളത്തിൽ ഉന്നത വിദ്യാഭ്യാസത്തിനായി 37 ശതമാനം

പേരെത്തുമ്പോൾ, തമിഴ്നാട്ടിൽ ഇത് 48.6 ശതമാനമാണെന്നും റിപ്പോർട്ടിൽ പറയുന്നു.

മറ്റ് ശുപാർശകൾ

 സംയുക്ത ബിരുദാനന്തര ബിരുദ കോഴ്സുകൾ-രണ്ട് സർവ്വകലാശാലകൾ കേന്ദ്രീകരിച്ച് രണ്ടിലും ഓരോ സെമസ്റ്റർ വീതം പഠനം. അവസാന സെമസ്റ്റർ അന്തർദേശീയ നിലവാരമുള്ള ഗവേഷണ സ്ഥാപനത്തിൽ പ്രോജക്ട് പ്രവർത്തനം.

 മെയിൻ വിഷയത്തിനൊപ്പം മറ്റൊരു വിഷയം കൂടി ഒരേ സമയം പഠിക്കുന്നതിന് അവസരം

 പരീക്ഷാ രീതിയുടെ സമഗ്ര നവീകരണം