മലയിൻകീഴ് : മാറനല്ലൂർ മൂലക്കോണത്തിന് സമീപം അമിത വേഗതയിലെത്തിയ ഇന്നോവ കാർ ആക്ടീവ സ്കൂട്ടറിലിടിച്ച് ആനയറ അറ്റുവരമ്പ് എൻ.ആർ നിലയത്തിൽ രഞ്ജിത്തിന് (30) ഗുരുതര പരിക്കേറ്റു. ശനിയാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. കോട്ടമുകൾ കൂവളശ്ശേരി ഭാഗത്ത് നിന്നെത്തിയ കാർ എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ചു വീണ രഞ്ജിത്തിന്റെ കാലിനും കൈയ്ക്കും തോളെല്ലിനും ഗുരുതരമായി പരിക്കേറ്റു. ആക്ടീവ സ്കൂട്ടർ പൂർണമായി തകർന്നു. ഇയാളുടെ ഭാര്യ വീടായ അരുമാളൂർ ചേനാറത്തല പുത്തൻ വീട്ടിൽ നിന്നു മടങ്ങുന്ന വഴിയിലാണ് അപകടമുണ്ടായത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച രഞ്ജിത് ഇന്റസീവ് കെയർ യൂണിറ്റിലാണ്. കാർ ഓടിച്ചിരുന്ന യുവാവ് മദ്യലഹരിയിലായിരുന്നെന്നും ഇയാൾക്കും പരിക്കേറ്റിട്ടുണ്ടെന്നും മാറനല്ലൂർ പൊലീസ് പറഞ്ഞു. രണ്ടു ദിവസം മുൻപ് കാറോടിച്ചിരുന്ന യുവാവിനെ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടർന്ന് മാറനല്ലൂർ പൊലീസ് പിടികൂടിയിരുന്നു.