sreesanth

തിരുവനന്തപുരം : ഏഴുവർഷമായി തന്നിൽനിന്ന് വിലക്കി മാറ്റിനിറുത്തിയിരിക്കുന്ന ക്രിക്കറ്റിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിന്റെ അവസാനഘട്ടത്തിലാണ് മുൻ ഇന്ത്യൻ ടീമംഗമായ മലയാളി പേസർ എസ്. ശ്രീശാന്ത്. 2013 ഐ.പി.എൽ സീസണിൽ രാജസ്ഥാൻ റോയൽസിനായി കളിക്കുന്നതിനിടെ ഒത്തുകളിയുടെ പേരിൽ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്ത ശ്രീശാന്തിന് ബി.സി.സി.ഐ ആജീവനാന്ത വിലക്കാണ് വിധിച്ചിരുന്നത്. എന്നാൽ കോടതി വെറുതെ വിട്ടതിനൊപ്പം വിലക്ക് ഏഴുവർഷമായി കുറയ്ക്കുകയും ചെയ്തു. ഇൗ സെപ്തംബറിലാണ് ഏഴുവർഷത്തെ വിലക്കിന്റെ കാലാവധി അവസാനിക്കുന്നത്. വിലക്ക് കഴിഞ്ഞാലുടൻ കളിക്കളത്തിൽ തിരിച്ചെത്താൻ വെമ്പലോടെയിരിക്കുകയാണ് താനെന്ന് ശ്രീശാന്ത് പറയുന്നു. മുമ്പത്തെക്കാൾ മികച്ച പ്രകടനം നടത്തി ഐ.പി.എല്ലിലും ദേശീയ ടീമിലും തിരിച്ചെത്തുമെന്നും ശ്രീ ഉറപ്പിച്ചുപറയുന്നു.

മനക്കരുത്തിന് മൈക്കേൽ

ജോർദാന്റെ ട്രെയ്‌നർ

ജീവിതത്തിലെ തിരിച്ചടികളിൽ ശ്രീശാന്ത് പതറിപ്പോകാതിരുന്നത് മനസിന്റെ ബലംകൊണ്ടാണ്. ശരീരത്തിന്റെ ഫിറ്റ്നസിനൊപ്പം മനസിന്റെ ഫിറ്റ്നസിനും ശ്രീ പ്രാധാന്യം നൽകുന്നു. അതുകൊണ്ടുതന്നെ ലോകത്തെ ഏറ്റവും മികച്ച പ്രചോദകരുടെ ഒാൺലൈൻ ക്ളാസുകളിൽ പങ്കെടുക്കുന്നു. ശ്രീയ്ക്ക് മനോവീര്യം വർദ്ധിപ്പിക്കാനുള്ള സൂത്രങ്ങൾ പറഞ്ഞുകൊടുക്കുന്നത് ചില്ലറക്കാരനല്ല. ബാസ്കറ്റ് ബാൾ ഇതിഹാസം മൈക്കേൽ ജോർദാന്റെ മെന്റൽ കണ്ടിഷനിംഗ് കോച്ചായിരുന്ന ‌ടിം ഗ്രോവറാണ്. അമേരിക്കൻ നാഷണൽ ബാസ്‌കറ്റ്ബാൾ ലീഗിലെ കിടിലമാണ് ഗ്രോവർ. അകാലത്തിൽ അന്തരിച്ച കോബ് ബ്രയാന്റിനൊപ്പവും പ്രവർത്തിച്ചിരുന്ന ആളാണ്.

ആഴ്ചയിൽ മൂന്നുദിവസമാണ് ടിം ഗ്രോവറിന്റെ ഒാൺ ലൈൻ ക്ളാസ്. വെളുപ്പിന് അഞ്ചരമുതൽ എട്ടരവരെയാണ് സമയം. അത് കഴിഞ്ഞാണ് ഇൻഡോറിൽ നെറ്റ്സ് പരിശീലനം. മുൻ രഞ്ജി നായകൻ സച്ചിൻ ബേബിയും അണ്ടർ-23 ടീമിലെ കളിക്കാരുമൊക്കെ ഒപ്പമുണ്ടാകും. കുറച്ചുനാൾ മുമ്പ് താൻ നെറ്റ്സിൽ ശ്രീയുടെ പന്തിൽ ബൗൾഡാകുന്ന വീഡിയോ പുറത്തുവിട്ട സച്ചിൻ ബേബി ഇപ്പോഴും ആ പഴയ സ്വിംഗും വേഗവും ഉണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയും ചെയ്തിരുന്നു.

നോ ഡിപ്രഷൻ

കളിക്കളത്തിൽ സൂപ്പർതാരമായി വാഴുന്നതിനിടെ ഒറ്റ രാത്രികൊണ്ട് ജയിലേക്ക് മാറിയപ്പോഴും തന്റെ മനസ് തകർന്നില്ലെന്ന് ശ്രീശാന്ത് പറയുന്നു. ക്രിക്കറ്റിലേക്ക് തിരിച്ചുവരണം എന്ന ശക്തമായ ആഗ്രഹം തന്നെയായിരുന്നു മോട്ടിവേഷൻ. സത്യം തെളിയിക്കാൻ കോടതിയിൽ പോരാടിയത് ആ മനക്കരുത്ത് കൊണ്ടാണ്. ഒരിക്കലും തനിക്ക് ഡിപ്രഷൻ ഉണ്ടായിരുന്നില്ല. അങ്ങനെ തളർന്നുപോകുന്നയാളല്ല താനെന്നും ശ്രീശാന്ത് പറയുന്നു.

ഫിറ്റ്നസ് ഒാകെ

37 കാരനായ ശ്രീശാന്ത് ദിവസവും നാലര മണിക്കൂറാണ് പരിശീലനത്തിന് ചെലവിടുന്നത്. മൂന്നുമണിക്കൂർ തുടർച്ചയായി ബൗളിംഗ് പരിശീലനമാണ്. ഇതിൽ ആദ്യ രണ്ട് മണിക്കൂർ ഏകദിനങ്ങൾക്കും ട്വന്റി 20 ക്കും ഉപയോഗിക്കുന്ന ചുവപ്പുബാൾകൊണ്ടും പിന്നെ ഒരുമണിക്കൂർ രഞ്ജി, ടെസ്റ്റ് മത്സരങ്ങളിൽ ഉപയോഗിക്കുന്ന വെള്ളപ്പന്തുകൊണ്ടും. തുടർച്ചയായി 12 ഒാവറുകൾ വരെ എറിയാനുള്ള സ്റ്റാമിന ഇപ്പോഴുമുണ്ട്. രഞ്ജിയിലോ ഇറാനി ട്രോഫിയിലോ ഒതുങ്ങി നിൽക്കാനല്ല ഇന്ത്യൻ ടീമിലേക്ക് മടങ്ങിവരാനുള്ള ഫിറ്റ്‌നസാണ് ലക്ഷ്യമിടുന്നത്.

നേരെ രഞ്ജിയിലേക്ക്

പുതിയ സീസൺ തുടങ്ങുമ്പോൾ കേരളത്തിന്റെ രഞ്ജി ടീമിലേക്കായിരിക്കും ശ്രീശാന്ത് എത്തുക. രഞ്ജി സാദ്ധ്യതാപട്ടികയിൽ ശ്രീയും ഇടം പിടിച്ചിട്ടുണ്ട്. രഞ്ജി ട്രോഫിയിൽ മികവ് കാട്ടി 2021 ലെ ഐ.പി.എല്ലിൽ കളിക്കണം. പിന്നെ ദേശീയ ടീമിലേക്കുള്ള തിരിച്ചുവരവ്. ഇതൊക്കെയാണ് ശ്രീശാന്തിന്റെ സ്വപ്നങ്ങൾ.

ശ്രീയുടെ വാക്കുകൾ

ഏഴുവർഷം മുമ്പ് എന്നെ ഐ.പി.എല്ലിൽ നിന്ന് പുറത്താക്കിയതുമുതൽ എന്നോട് തന്നെ നിരന്തരം പറയുന്നുണ്ടായിരുന്നു. ഞാൻ തിരിച്ചുവരുമെന്ന്. ഇപ്പോൾ എന്റെ ആത്മവിശ്വാസം കൂടിയിട്ടേയുള്ളൂ. 2021 സീസണിലെ താരലേലത്തിൽ എന്റെ പേരുമുണ്ടായിരിക്കും.

സത്യത്തിൽ ഇന്ത്യൻ ടീമിൽ കളിക്കുന്നതിനെക്കാൾ ഞാൻ പ്രാധാന്യം നൽകുന്നത് ഐ.പി.എല്ലിനാണ്. എന്നെ ചവിട്ടിപ്പുറത്താക്കിയ ഇടത്തേക്ക് തിരിച്ചുവരിക എന്നത് ചെറിയ കാര്യമല്ലല്ലോ? എനിക്കത് നേടണം. എങ്കിലേ എന്റെ ജീവിതം പൂർണമാകൂ.

വിഷമഘട്ടത്തിൽ എനിക്കൊപ്പവും എതിരെയും നിന്നവരുണ്ട്. ഞാൻ മാപ്പുനൽകും. പക്ഷേ മറക്കാറില്ല. ആരെ വിശ്വസിക്കണം, ആരെ മാറ്റിനിറുത്തണമെന്ന് ഇൗകാലം എന്നെ പഠിപ്പിച്ചു.

പ്രത്യക്ഷത്തിലല്ലെങ്കിലും എന്നെ പിന്തുണച്ചവർ ഏറെയുണ്ട്. ഇർഫാൻ പഠാൻ വി​ളി​ക്കുമായി​രുന്നു. ഹർഭജൻ സി​ംഗ് വി​വരങ്ങൾ അന്വേഷി​ച്ചി​രുന്നു. മലയാള സി​നി​മയി​ലെയും രാഷ്ട്രീയത്തി​ലെയും പ്രമുഖർ പിന്തുണച്ചു. ക്രിക്കറ്റിൽ നിന്ന് വിലക്കിയപ്പോൾ വരുമാനത്തിനായാണ് സിനിമയിലേക്കും സംഗീതത്തിലേക്കും ടിവി ഷോയിലേക്കും തിരിഞ്ഞത്.

ടെസ്റ്റോ ഏകദിനമോ, ട്വന്റി 20 യോ കളിക്കാൻ ഇഷ്ടമെന്ന് എന്നോട് ചോദിക്കുന്നത് സഹാറ മരുഭൂമിയിൽ ദാഹിച്ചുനിൽക്കുന്നയാളോട് ജ്യൂസ് തീർന്നു, വെള്ളം മതിയോ എന്ന് ചോദിക്കുന്നത് പോലെയാണ് . ഏത് ഫോർമാറ്റിലായാലും എനിക്ക് കളിച്ചാൽ മതി.

ഞാൻ ഇതുവരെ കളിച്ചുതീർന്നിട്ടില്ല. ഞാൻ ബൗൾ ചെയ്യുന്നത് നിങ്ങൾ ഇനിയും കാണും. കഠിനമായ സമയം പെട്ടെന്ന് പൊയ്പ്പോകും, എന്നാൽ കരുത്തുള്ള മനുഷ്യർ അങ്ങനെയല്ല.