i
ശങ്കരൻനായരും ഉഷാറാണിയും

തിരുവനന്തപുരം: കു‌ഞ്ചാക്കോ നിർമ്മിക്കുന്ന 'ജയിൽ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ സ്കൂൾ കുട്ടിയായ ഉഷാറാണിയെ കൂട്ടിക്കൊണ്ടു പോയത് സംവിധായകൻ ശങ്കരൻനായരായിരുന്നു. ബേബി ഉഷ വളർന്ന് നായിക നടിയായ ഉഷയായപ്പോൾ ശങ്കരൻ നായരോടു പറഞ്ഞു.

'അങ്കിൾ ഐ വാണ്ട് ടു മാരി യു...'' 19കാരിയുടെ ആവശ്യം കേട്ട് 51കാരനായ അദ്ദഹം ചിരിച്ചു. അവിവാഹിതനായിരുന്നു ശങ്കരൻ നായർ. ''ഐയാം സീരിയസ്, ഐ റിയലി വാണ്ടു ടു മാരീയു'' ആവശ്യം ശക്തമായിരുന്നു. ഒടുവിൽ സിനിമയെ തോൽപ്പിക്കുന്ന തീവ്രപ്രണയത്തിനൊടുവിൽ ശങ്കരൻ നായരുടെ ജീവിത സഖിയായി ഉഷാറാണി മാറി. സിനിമാലോകത്തിൽ അത് ചൂടുപിടിച്ച ചർച്ചയുമായി.

ഉഷാ റാണിയുടെ ജീവിതത്തിലെ പല അനുഭവങ്ങളും സിനിമയെ വെല്ലുന്നത്ര നാടകീയമാണ്. പൂവിരിച്ച പാതയിലൂടെയല്ല അവർ സിനിമയുടെ വെള്ളിവെളിച്ചത്തിലെത്തിയത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അമ്മ മരിച്ചപ്പോൾ സാന്ത്വനമായി കൂടെ നിന്നതു ശങ്കരൻ നായരായിരുന്നു. പിതാവ് നേരത്തെ അമ്മയുമായി അകന്നിരുന്നു. അങ്ങനെ, ഒരു സിനിമാ ചിത്രീകരണത്തിനിടെ ഇടവേളയ്ക്കിടെ, സ്വന്തമായി കാർ ഡ്രൈവ് ചെയ്തു ശങ്കരൻ നായരുടെ വീട്ടിലേക്കു കയറിച്ചെന്നാണ് ഉഷാറാണി പ്രണയം വെളിപ്പെടുത്തിയത്. ശങ്കരൻ നായർ ആദ്യത്തെ സിനിമ സംവിധാനം ചെയ്യുമ്പോൾ ഉഷാ റാണി ജനിച്ചിരുന്നില്ല. സിനിമാ ലോകം സംശയത്തോടെ നോക്കിയെങ്കിലും 2005ൽ ശങ്കരൻ നായരുടെ മരണംവരെ അവർ മാതൃകാ ദമ്പതികളായി കഴിഞ്ഞു.

തെന്നിന്ത്യയിലെ സൂപ്പർ താരങ്ങൾക്കൊപ്പമെല്ലാം ഉഷാറാണി അഭിനയിച്ചു. എൻ.ടി.ആർ, എം.ജി.ആർ, രാജ്കുമാർ, ശിവാജി ഗണേശൻ, കമലഹാസൻ, പ്രേംനസീർ എന്നിവരുടെ നായികയായോ സഹോദരിയായോ വേഷമിട്ടു. ആദ്യമായി നായികയായി അഭിനയിച്ചതു കമലഹാസനൊപ്പമായിരുന്നു. ജയലളിതയ്‌ക്കൊപ്പവും ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടു. മൂന്നു മുഖ്യമന്ത്രിമാർക്കൊപ്പം താൻ അഭിനയിച്ചിട്ടുണ്ടെന്നു അവർ അഭിമാനത്തോടെ പറയുമായിരുന്നു.


ഭർത്താവിന്റെ മരണ ശേഷം സിനിമയിൽ നിന്നു മാറി നിന്നെങ്കിലും ദുരിതമനുഭവിക്കുന്ന സഹപ്രവർത്തകരെ സഹായിക്കാൻ മുന്നിൽ നിന്നു.മലയാളത്തിലെ പഴയകാല നടി സാധനയുടെ ദുരിത ജീവിതം പുറം ലോകത്തെയറിയിച്ച് സഹായമെത്തിച്ചതു ഉഷയുടെ ഇടപെടലായിരുന്നു. നടികർ സംഘത്തിന്റെ സഹായം ഒട്ടേറെ പേർക്കു ലഭ്യമാക്കാൻ അവരുടെ ഇടപെടൽ സഹായിച്ചു. തന്റെ മകന്റെ പഠനത്തിന് മോഹൻലാൽ സഹായിച്ചുവെന്നും അവർ തുറന്നുപറഞ്ഞിട്ടുണ്ട്. പഴയ കാലത്തെയും പുതിയ തലമുറയിലെയും താരങ്ങളുമായി ബന്ധമുണ്ടായിരുന്ന അവർ വിപുലമായ സൗഹൃദത്തിനുടമയായിരുന്നു.