water-scarcity

തിരുവനന്തപുരം: ജലവിതരണം നിലച്ചതോടെ കവടിയാർ ജവഹർ നഗറിലെ ഒ സ്ട്രീറ്റ് നിവാസികൾ ദുരിതത്തിൽ. വെള്ളമില്ലാത്തതിനാൽ ഇവിടെയുള്ളവർക്ക് പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റുന്നതിനോ കുളിക്കാനോ കഴിയാത്ത സ്ഥിതിയാണ്. രാവിലെ ഓഫീസിലും മറ്റുജോലിക്കും പോകുന്നവരും ഇതോടെ ദുരിതത്തിലായി. പി.ടി.പിയിൽ നിന്നുള്ള ടാങ്കിൽ നിന്നാണ് ജവഹർനഗറിലേക്ക് വെള്ളം എത്തിക്കുന്നത്. രണ്ട് ദിവസമായി ടാങ്കിലെ ജലനിരപ്പ് കുറവാണെന്നാണ് വാട്ടർ അതോറിട്ടി അധികൃതർ പറയുന്നത്. അരുവിക്കരയിലെ റിസർവോയറിൽ നിന്ന് നഗരത്തിലേക്ക് കൊണ്ടുവരുന്ന വെള്ളത്തിൽ കുറവുണ്ടായതും ജലക്ഷാമത്തിന് കാരണമായതായി അധികൃതർ പറഞ്ഞു. ഇന്ന് പുലർച്ചെ നാല് മുതൽ 7 വരെ വെള്ളം കൂടുതലായി ഇവിടേക്ക് പമ്പ് ചെയ്യുമെന്ന് കവടിയാർ അസിസ്റ്റന്റ് എക്‌സിക്യുട്ടീവ് എൻജിനിയർ പറഞ്ഞു. പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി മറ്റൊരു ലൈൻ വഴി വെള്ളമെത്തിക്കാനുള്ള പദ്ധതിക്ക് എസ്‌റ്റിമേറ്റ് നൽകിയിട്ടുണ്ടെന്നും വാട്ടർ അതോറിട്ടി വ്യക്തമാക്കി.