venjaramoodu

വെഞ്ഞാറമൂട്: നിരവധി കുട്ടികൾ നീന്തൽ പഠിക്കുന്ന ആലന്തറ ക്ഷേത്രക്കുളം ശോചനീയാവസ്ഥയിൽ. ആലന്തറ യു.പി.എസ്, വെഞ്ഞാറമൂട് എച്ച്.എസ്.എസ്, വെഞ്ഞാറമൂട് യു.പി.എസ് തുടങ്ങിയ സ്കൂളുകളിലെ വിദ്യാർത്ഥികൾ നീന്തൽ പഠിക്കുന്നത് ഈ ക്ഷേത്രക്കുളത്തിലാണ്. വളരെയധികം ആഴംകൂടിയ ഈ കുളത്തിൽ ഇതിനകം തന്നെ അഞ്ചു മുങ്ങിമരണങ്ങൾ നടന്നിട്ടുണ്ട്. അപകടം സൂചിപ്പിച്ചുകൊണ്ട് ഈ കുളത്തിന് സമീപം ഫയർ ഫോഴ്സ് സൂചനാ ബോർഡ് സ്ഥാപിച്ചിട്ടുണ്ട്.

ശ്രീ ശാസ്താ സ്വിമ്മിംഗ് ക്ലബിനാണ് നീന്തൽ പരിശീലനത്തിന്റെ ചുമതല. ക്ലബിന്റെയും നാട്ടുകാരുടെയും ആവശ്യത്തെ മുൻനിറുത്തി 1997-98 ൽ നെല്ലനാട് ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിട്ട് 30 സെന്റ് വസ്തു വാങ്ങി നൽകി. 50,000 രൂപ ചെലവിട്ട് പ്രദേശവാസികളുടെ സഹകരണത്തോടെ കുളം കുഴിക്കാൻ ആരംഭിച്ചു.

2005-10 കാലഘട്ടത്തിൽ ജില്ലാ പഞ്ചായത്ത് ഫണ്ടിൽനിന്നും 7 ലക്ഷം അനുവദിച്ച് കുളത്തിന്റെ ഒരു വശം പാർശ്വ ഭത്തി നിർമ്മിച്ചു. തുടർന്ന് പ്രദേശവാസി തന്നെ ജില്ലാപഞ്ചായത്ത് പ്രസിഡന്റായിരിക്കുമ്പോൾ നീന്തൽക്കുളത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി 40 ലക്ഷം രൂപ അനുവദിച്ച് ചുറ്റും പാർശ്വഭിത്തി നിർമ്മിച്ചു. തുടർന്ന് യാതൊരുവിധ നിർമ്മാണ പ്രവർത്തനങ്ങളും നടന്നിട്ടില്ലാത്ത ഈ നീന്തൽക്കുളം ഇന്ന് ചെളിനിറഞ്ഞ് കാടുകയറിയ അവസ്ഥയിലാണ്.

ഗ്രാമപഞ്ചായത്ത് തനത് ഫണ്ടിൽ നിന്നു തുക ചെലവഴിക്കാമെന്ന് പറയുമ്പോഴും ഒരു കോടിയോളം രൂപ നിർമ്മാണചെലവ് വഹിച്ചാൽ മാത്രമേ കായിക താരങ്ങൾക്ക് ഉപയോഗപ്രദമായരീതിയിൽ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കാൻ കഴിയുകയുള്ളു. എല്ലാ വിദ്യാർത്ഥികളും നീന്തൽ അഭ്യസിക്കണമെന്ന സർക്കാർ നിർദ്ദേശം നിലവിലുള്ളപ്പോഴാണ് ഇവിടെയുള്ള നീന്തൽക്കുളം അധികാരികളുടെ അനാസ്ഥ മൂലം നിർമ്മാണം പാതിവഴിയിൽ മുടങ്ങിക്കിടക്കുന്നത്. സ്ഥലം എം.പിയുടെയും എം.എൽ.എയുടെയും ത്രിതല പഞ്ചായത്തുകളുടെയും ഒരുമിച്ചുള്ള പ്രവർത്തനത്തിൽ മാത്രമേ പ്രദേശത്തെ കായിക താരങ്ങളുടെ സ്വപ്ന പദ്ധതി പൂർത്തീകരിക്കാൻ കഴിയുകയുള്ളൂവെന്ന് നാട്ടുകാർ പറയുന്നു.