fire

തിരുവനന്തപുരം: നഗരത്തെ പരിഭ്രാന്തിയിലാക്കി ഇന്നലെ രാത്രി പത്തരയോടെ പടിഞ്ഞാറേക്കോട്ട പെട്രോൾ പമ്പിൽ തീപിടിത്തം. എസ്.പി ഫോർട്ട് ആശുപത്രിക്ക് സമീപമുള്ള ഭാരത് പെട്രോളിയം പമ്പിന്റെ ഓഫീസ് റൂമിൽ തീപടർന്നതാണ് സമീപവാസികളെ ഭയപ്പാടിലാക്കിയത്. രാത്രി ഒൻപതിന് പമ്പ് പൂട്ടി ജീവനക്കാർ പോയതിന് ശേഷമാണ് തീപിടിത്തം ഉണ്ടായത്. ഓഫീസ് റൂമിൽ തീ പടർന്നു പിടിക്കുന്നത് ശ്രദ്ധയിൽപ്പെട്ട സമീപവാസികൾ അറിയിച്ചതനുസരിച്ചാണ് ഫയർഫോഴ്സ് സംഘം സ്ഥത്തെത്തിയത്. ഇവർ എത്തുമ്പോഴേക്കും ഓഫീസ് റൂമിൽ ഉണ്ടായിരുന്ന എൻജിൻ ഓയിൽ അടക്കമുള്ളവയും കമ്പ്യൂട്ടർ, മറ്റു രേഖകൾ എന്നിവയും പൂർണമായി നശിച്ചിരുന്നു. ഫയർഫോഴ്‌സ് സംഘമെത്താൻ താമസിച്ചിരുന്നെങ്കിൽ വെളിയിലേക്ക് തീപടരുകയും വൻദുരന്തം ഉണ്ടാകുകയും ചെയ്യുമായിരുന്നു. ഓഫീസിൽ നിന്നും പത്തടി മാത്രം മാറിയാണ് പെട്രോൾ സംഭരണ ടാങ്കും വിതരണത്തിനുള്ള യൂണിറ്റും സ്ഥിതിചെയ്യുന്നത്. തീജ്വാലകൾ പടർന്നുകയറുന്നതിനിടയിൽ ചെങ്കൽചൂളയിൽ നിന്നും രണ്ടു യൂണിറ്റ് ഫയർഫോഴ്സ് സംഘം എത്തിയാണ് തീ കെടുത്തിയത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. പമ്പിൽ 10,000 ലിറ്ററോളം ഡീസൽ സ്റ്റോക്ക് ഉണ്ടായിരുന്നെങ്കിലും പെട്രോൾ സ്റ്റോക്ക് ഉണ്ടായിരുന്നില്ല. പെട്രോൾ കൂടി ഉണ്ടായിരുന്നെങ്കിൽ വൻ ദുരന്തം ഉണ്ടാകുമായിരുന്നുവെന്ന് ഫയർഫോഴ്സ് ഉദ്യോഗസ്ഥർ പറഞ്ഞു. ഫോർട്ട് പൊലീസ് കേസെടുത്തു.