വെഞ്ഞാറമൂട്: കാരേറ്റ് പ്രെെവറ്റ് ബസ് സ്റ്റാൻഡിലെത്തുന്ന യാത്രക്കാർക്ക് മലിനജലത്തിൽ ചവിട്ടാതെ പുറത്തേക്കിറങ്ങണമെങ്കിൽ സർക്കസ് പഠിച്ചിരിക്കണമെന്ന അവസ്ഥയാണിപ്പോൾ. കാൽനടക്കാർക്ക് യാത്ര ചെയ്യാൻ കഴിയാത്ത രീതിയിൽ സ്റ്റാൻഡിനുള്ളിൽ പലഭാഗത്തായി മലിനജലം കെട്ടിക്കിടക്കുന്നത് വ്യാപക പരാതിക്ക് കാരണമായിട്ടുണ്ട്. നിലവിലെ കൊവിഡ് വ്യാപന പശ്ചാത്തലത്തിൽ പരിസര ശുചീകരണത്തെക്കുറിച്ച് സർക്കാർ തലത്തിൽ ബോധവത്കരണ പ്രവർത്തനങ്ങൾ നടക്കുമ്പോഴും ഇവിടെ ദിവസങ്ങളായി കെട്ടിക്കിടക്കുന്ന മലിനജലം അധികൃതർ കണ്ടമട്ടില്ല. മഴയിലും മറ്റും ഒഴുകിയെത്തുന്ന വെള്ളം ഇവിടെ നിക്ഷേപിച്ചിരിക്കുന്ന മാലിന്യവുമായി കൂടിച്ചേർന്നാണ് കെട്ടിക്കിടക്കുന്നത്. ഒഴുകിപോകാനാവശ്യമായ സംവിധാനങ്ങളുമില്ല. ബസ് സ്റ്റാൻഡിന്റെ ഒരുഭാഗത്തായി മാലിന്യങ്ങൾ കൂട്ടിയിട്ടിരിക്കുന്നതിനാൽ തെരുവ് നായ ശല്യം രൂക്ഷമാണ്. നിരവധി ജനങ്ങൾ വിവിധ ആവശ്യങ്ങൾക്കായി വന്നുപോകുന്ന ഗ്രാമപഞ്ചായത്ത് ഒാഫീസ് പരിസരത്ത് മാലിന്യങ്ങൾ കുന്നുകൂടി കിടക്കുന്നത് കാലവർഷം ശക്തമായി തുടരുന്ന സമയത്ത് പലവിധ പകർച്ചവ്യാധികൾക്കും കാരണമാകും. ബസ് സ്റ്റാൻഡിനുള്ളിലെ ടോയ്ലെറ്റ് നിറഞ്ഞ് തോട്ടിലൂടെ ഒഴുകി വാമനപുരം നദിയിൽ എത്തിച്ചേരുന്ന അവസ്ഥയുമുണ്ട്. ഒാഫീസിന്റെ തൊട്ടടുത്ത് പരിസര മലിനീകരണം രൂക്ഷമായിട്ടും ഗ്രാമപഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കാത്തത് പ്രതിഷേധത്തിന് കാരണമായിട്ടുണ്ട്. പകർച്ചവ്യാധികൾക്ക് കാരണമായി തീരാവുന്ന മാലിന്യ നിക്ഷേപവും മലിനജലം കെട്ടിക്കിടക്കുന്നതും ഇല്ലാതാക്കാൻ അധികൃതർ അടിയന്തരമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പകർച്ചവ്യാധികളും സാംക്രമിക രോഗങ്ങളും ഉണ്ടാകാതിരിക്കാൻ പൊതുഇടങ്ങൾ മാലിന്യമുക്തമാക്കാനുള്ള നടപടികൾ പഞ്ചായത്ത് അടിയന്തരമായി സ്വീകരിക്കണമെന്ന് എസ്.എൻ.ഡി.പി യോഗം കാരേറ്റ് ശാഖാ സെക്രട്ടറി സാബുലക്ഷ്മണൻ ആവശ്യപ്പെട്ടു.
ഇവിടെ ഒാഫീസുകൾ നിരവധി
പ്രൈവറ്റ് ബസ് സ്റ്റാൻഡ് പരിസരത്തായി പുളിമാത്ത് ഗ്രാമപഞ്ചായത്ത് ഓഫീസ് ഉൾപ്പെടെ നിരവധി ഒാഫീസുകൾ സ്ഥിതി ചെയ്യുന്നുണ്ട്. ഗ്രാമപഞ്ചായത്ത് ഒാഫീസ് സ്ഥിതിചെയ്യുന്ന കെട്ടിടത്തിൽ തന്നെ നിരവധി കച്ചവട സ്ഥാപനങ്ങളും പ്രവർത്തിക്കുന്നുണ്ട്. ഇവിടങ്ങളിൽ ദിവസേനയെത്തുന്ന നൂറുകണക്കിന് ആളുകൾക്ക് ഈ മലിനജലത്തിൽ ചവിട്ടിവേണം പോകാൻ.
ഇവിടെയുള്ളത്
പുളിമാത്ത് പഞ്ചായത്ത് ഓഫീസ്
സപ്ലെെകോ ഔട്ട്ലെറ്റ്
അസി. എക്സിക്യൂട്ടീവ് എൻജിനിയർ ഒാഫീസ്
തെരുവുനായ ശല്യം രൂക്ഷം
പ്രദേശത്ത് മാലിന്യം കുന്നുകൂടി
പ്രതിഷേധം ശക്തമാകുന്നു
പഞ്ചായത്ത് ഒാഫീസ് പരിസരത്തെ മലിനജലവും മാലിന്യങ്ങളും നീക്കം ചെയ്യുന്നതിൽ പഞ്ചായത്ത് നടപടി സ്വീകരിക്കണം
പാങ്ങോട് വി. ചന്ദ്രൻ, പ്രസിഡന്റ്
എസ്.എൻ.ഡി.പി യോഗം, വാമനപുരം യൂണിയൻ
പൊതുജനങ്ങൾക്ക് ദോഷകരമായ പരിസരമലിനീകരണം അവസാനിപ്പിക്കുന്നതിൽ പഞ്ചായത്ത് ശ്രദ്ധ പതിപ്പിക്കണം
സന്തോഷ് കുറ്റൂർ, ജില്ലാ സെക്രട്ടറി
വ്യാപാരി വ്യവസായി ഏകോപന സമിതി