pic

തിരുവനന്തപുരം: തലസ്ഥാന ജില്ലയിൽ കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ച ഓട്ടോ ഡ്രൈവറുമായി സമ്പർക്കമുണ്ടായിരുന്നവരുടെ സ്രവ പരിശോധന ഇന്ന് തുടങ്ങും. സമ്പർക്കപ്പട്ടിക അന്തിമമാക്കുന്ന പ്രവർത്തനങ്ങളും പൂർത്തിയായിവരികയാണ്.

കൂടുതൽ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതോടെ നഗരത്തിൽ നിയന്ത്രണങ്ങളും കർശനമാക്കിയിട്ടുണ്ട്. കണ്ടെയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ച ആറ്റുകാൽ, കാലടി, മണക്കാട് എന്നിവിടങ്ങളിലെ ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി നഗരത്തിലെ അഞ്ച് റോഡുകൾ ഇന്ന് മുതൽ അടച്ചിട്ടിരിക്കുകയാണ്.

അമ്പലത്തറ-കിഴക്കേകോട്ട, മരുതൂർക്കടവ്-കാലടി, ജഗതി-കിള്ളിപ്പാലം, കൈതമുക്ക്-ചെട്ടിക്കുളങ്ങര, കുമരിചന്ത-അമ്പലത്തറ എന്നീ റോഡുകളാണ് അടച്ചിട്ടിരിക്കുന്നത്. ഇതിനൊപ്പം അട്ടക്കുളങ്ങര മുതൽ തിരുവല്ലം വരെയുള്ള പ്രധാന റോഡും അടച്ചിടും.സമരപരിപാടികൾക്ക് കടുത്ത നിയന്ത്രണം ഉണ്ടാകും.

നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാഗമായി സാമൂഹിക അകലം ഉറപ്പാക്കാനായുള്ള പൊലീസ് പരിശോധനയും ഇന്ന് മുതൽ ശക്തമാക്കും.