ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണത്തിന് സാദ്ധ്യതയെന്ന് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകി. ഭീകരാക്രമണം പദ്ധതിയിട്ട് ജമ്മു കാശ്‌മീരിൽ നിന്ന് ഭീകരർ ഡൽഹിയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. ട്രക്കിൽ നാല് മുതൽ ഏഴ് ഭീകരർ വരെ ഡൽഹിയിൽ ആക്രമണം നടത്തുകയെന്ന ലക്ഷ്യത്തോടെ പുറപ്പെട്ടിട്ടുണ്ടെന്നാണ് സൂചന.
ഭീകരർ ട്രക്കിൽ തന്നെ ഡൽഹിയിലെത്തണം എന്നില്ലെന്നും, വഴിയിൽ വച്ച് വാഹനം മാറാമെന്നും രഹസ്യാന്വേഷണ ഏജൻസി മുന്നറിയിപ്പ് നൽകി. ഭീകരസംഘത്തിലെ രണ്ടോ, മൂന്നോ പേർ തലസ്ഥാനത്തേക്ക് എത്തിയിരിക്കാമെന്നാണ് സൂചന. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ വാഹന പരിശോധന കർശനമാക്കി.
ഇന്ത്യാ-ചൈന അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് രണ്ട് - മൂന്ന് ദിവസങ്ങളായി ഡൽഹിയിൽ ഉന്നത തല ചർച്ചകൾ നടക്കുന്നുണ്ട്. കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നതിന് പുറമെ ശക്തമായ മഴയും നേരിടുന്നുണ്ട്. ഈ പശ്ചാത്തലത്തിൽ ആക്രമണത്തിന് വലിയ അവസരമായാണ് ഭീകരർ ഇപ്പോൾ കാണുന്നത്.
ഡൽഹിയിലെ എല്ലാ മന്ത്രാലയങ്ങളിലും, ഗസ്റ്റ് ഹൗസുകളിലും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഹോട്ടലുകൾ അടഞ്ഞുകിടക്കുന്നതിനാൽ ഗസ്റ്റ് ഹൗസുകളിൽ ഭീകരർ താമസിച്ചേക്കാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുന്നറിയിപ്പ് നൽകിയത്.