കൊച്ചി: അങ്കമാലിയിൽ അച്ഛൻ എറിഞ്ഞ് കൊലപ്പെടുത്താൻ ശ്രമിച്ച പിഞ്ചുകുഞ്ഞിന്റെ നിലയിൽ നേരിയ പുരോഗതി. തലച്ചോറിൽ രക്തസ്രാവം ഉണ്ടായതിനെ തുടർന്ന് കോലഞ്ചേരി മെഡിക്കൽ മിഷൻ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലാണ് പെൺകുഞ്ഞ്. കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് തിരികെ വരുമോയെന്ന് ഇപ്പോൾ പറയാനാകില്ലെന്നാണ് മെഡിക്കൽ സംഘം പറയുന്നത്. ഇന്ന് കുട്ടിയെ ശസ്‌ത്രക്രിയക്ക് വിധേയമാക്കുന്നുണ്ട്. തലയ്ക്കകത്തെ രക്തസ്രാവം തടയാനാണ് ശസ്‌ത്രക്രീയ നടത്തുന്നതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
കുട്ടി ആദ്യം കട്ടിലിൽ നിന്ന് വീണെന്നാണ് രക്ഷിതാക്കൾ അറിയിച്ചത്. കൊതുകിനെ കൊല്ലുന്ന ബാറ്റ് വീശിയപ്പോൾ കൊണ്ടുവെന്ന് പിന്നീട് പറഞ്ഞു. അസ്വാഭാവികത തോന്നിയതിനാലാണ് പൊലീസിനെ ഇക്കാര്യം അറിയിച്ചത്. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന സംഭവം പുറംലോകം അറിയുന്നത്. സംഭവത്തിൽ കുട്ടിയുടെ അച്ഛൻ ഷൈജു തോമസ് ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തലയ്ക്ക് ക്ഷതമേറ്റ നിലയിലാണ് ആദ്യം കണ്ടത്. അങ്കമാലി ലിറ്റിൽ ഫ്ളവർ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കൽ മിഷനിലും കുട്ടിയെ പ്രവേശിപ്പിക്കുകയായിരുന്നു.
കുഞ്ഞ് തന്റേതല്ലെന്ന സംശയവും പെൺകുഞ്ഞ് ജനിച്ചതിലുള്ള വിദ്വേഷവുമാണ് കേട്ടുകേൾവിയില്ലാത്ത ക്രൂരതയ്ക്ക് ഒരച്ഛനെ പ്രേരിപ്പിച്ചത്. മദ്യത്തിന് അടിമയായ ഷൈജു തോമസ് കഴിഞ്ഞ ബുധനാഴ്ച പുലർച്ചെയാണ് ഉറക്കത്തിനിടെ കരഞ്ഞ കുഞ്ഞിനെ കാലിൽ പിടിച്ച് വായുവിൽ വീശിയ ശേഷം കട്ടിലിലേക്ക് വലിച്ചെറിഞ്ഞത്.