high-court

കൊച്ചി: പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കാനുള്ള തീരുമാനം ചോദ്യം ചെയ്തുള്ള ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പി.സി.ആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്.

സമാന ഹർജി സുപ്രീം കോടതിയിൽ വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു. ഹർജിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേഭാരത് മിഷന്റെ ഭാഗമായി വരുന്നവർക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണോ എന്നതടക്കമുള്ള കാര്യങ്ങളാണ് കേന്ദ്രം കോടതിയെ അറിയിക്കേണ്ടത്.

അതേസമയം പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീറിന്റെ നേതൃത്വത്തിൽ മുസ്ലിം ലീഗ് എം.എൽ.എമാർ സെക്രട്ടറിയേറ്റിന് മുന്നിൽ പ്രതിഷേധിക്കും. കൊവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ടായിരിക്കും ധർണ നടത്തുക.