ന്യൂഡൽഹി: ചൈനയുമായുള്ള അതിർത്തി തർക്കത്തിൽ കേന്ദ്രത്തെ നിശിതമായി വിമർശിച്ച് മുൻപ്രധാനമന്ത്രി മൻമോഹൻസിംഗ് രംഗത്തെത്തി. ഇതുസംബന്ധിച്ച് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്രമാേദിക്ക് കത്തയക്കുകയും ചെയ്തു.സർവകക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയെ ചൊല്ലിയുള്ള ആശയക്കുഴപ്പത്തിന്റെ പശ്ചാത്തലത്തിലാണ് കത്തയച്ചത്.
ജീവത്യാഗം ചെയ്ത സൈനികരോട് നീതിപുലർത്തണം. ഉറച്ചതീരുമാനങ്ങളും നയതന്ത്രങ്ങളുമാണ് പ്രശ്നം തീർക്കാൻ ഇപ്പോൾ വേണ്ടത്. തെറ്റായ വിവരങ്ങൾ പുറത്തുവിടരുത്. രാജ്യത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ എപ്പോഴും രാജ്യതാല്പര്യം മുന്നിൽവേണം. കള്ളപ്രചാരണങ്ങൾ നയതന്ത്രത്തിന് പകരമാവില്ല. മോദിയുടെ വാക്കുകൾ മറയാക്കാൻ ചൈനയെ അനുവദിക്കരുത്. പ്രധാനമന്ത്രിയുടെ ഓരോ വാക്കും കരുതലോടെ വേണം. മോദിയും സർക്കാരും അവസരത്തിനൊത്ത് ഉയരണം.ചൈനയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങരുത്. നിലവിലെ പ്രതിസന്ധി വലുതാക്കരുത്. അതിർത്തിയിൽ വിട്ടുവീഴ്ചയുണ്ടാകരുത്. സർക്കാരിന്റെ എല്ലാ മന്ത്രാലയങ്ങളും ഈ വിഷയം ഒരേ രീതിയിൽ കൈകാര്യം ചെയ്യണം. പലരീതിയിൽ സംസാരിക്കുന്നത് രാജതാല്പര്യത്തിന് ചേർന്നതല്ലെന്നും അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
ഇന്ത്യയുടെ പ്രദേശത്ത് പുറത്തുനിന്നാരും കടന്നുകയറിയില്ലെന്നും ഇന്ത്യൻ പോസ്റ്റ് ആരും പിടിച്ചെടുത്തില്ലെന്നുമുള്ള സർവക്ഷിയോഗത്തിലെ പ്രധാനമന്ത്രിയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. ഇതിനെതിരെ പ്രതിപക്ഷ പാർട്ടി നേതാക്കളുൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു.