covid-

തിരുവനന്തപുരം: കേരളത്തിൽ നിന്ന് തമിഴ്നാട്ടിലേക്ക് പോയവരിൽ ഇന്നലെ ഒറ്റ ദിവസം കൊണ്ട് പതിനാറ് പേർക്ക് കൊവിഡ് സ്ഥിരീകരിച്ചത് സംസ്ഥാനത്ത് ആശങ്കയാകുന്നു. ഇത്തരത്തിൽ ഒരു മാസത്തിനുള്ളിൽ രോഗo സ്ഥിരീകരിച്ചത് 65 പേർക്കാണ്. സംസ്ഥാനത്ത് നിന്ന് കർണാടകത്തിലേയ്ക്ക് പോയ ഇരുപതിലേറെ പേർക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

തമിഴ്നാട് സർക്കാരിന്റെ പ്രതിദിന കൊവിഡ് കണക്ക് പ്രകാരമാണ് ഈ റിപ്പോർട്ട്. റോഡ് മാർഗമോ റെയിൽ മാർഗമോ എത്തിയവരിലാണ് രോഗബാധ കണ്ടെത്തിയിരിക്കുന്നത്. രോഗവ്യാപനം കൂടിയതോടെ പുറത്തു നിന്നെത്തുന്ന മുഴുവൻ പേരേയും തമിഴ്നാട് പരിശോധിക്കുന്നുണ്ട്. ചെന്നയുടൻ നടത്തുന്ന പരിശോധനയിലാണ് രോഗം തമി‌ഴ്നാട്ടിലും കർണാടകയിലും കണ്ടെത്തിയത്.

സംസ്ഥാനത്ത് മെയ് 4 മുതൽ ജൂൺ 6 വരെ സർക്കാരിന്റെ ഔദ്യോഗിക കണക്കനുസരിച്ച് കേരളത്തിൽ ഉറവിടമറിയാത്ത 49 പേരുടെ രോഗബാധ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ശേഷമുള്ള ദിവസങ്ങളിൽ രോഗം ബാധിച്ച 20ലേറെ പേരുടെ ഉറവിടവും വ്യക്തമല്ല. ഉറവിടമറിയാത്ത രോഗബാധ സംസ്ഥാനത്ത് വർദ്ധിക്കുന്നതിനൊപ്പം ആശങ്ക പരത്തുന്നതാണ് ഇവിടെ നിന്ന് പോയവർക്ക് മറ്റിടങ്ങളിൽ രോഗം സ്ഥിരീകരിക്കുന്നതും. സംസ്ഥാനത്ത് നിശ‌ബ്‌ദ രോഗവ്യാപനം പരക്കുന്നതിന്റെ സൂചനയായാണ് ഇതിനെ വിദഗ്ധർ കാണുന്നത്.