pic

ഇടുക്കി​: ജി​ല്ലയി​ലെ കട്ടപ്പനയി​ൽ കൊവി​ഡ് സ്ഥി​രീകരി​ച്ച ആശാവർക്കറുടെ രോഗ ഉറവി​ടം വ്യക്തമാകാത്തത് കടുത്ത ആശങ്കയ്ക്കി​ടയാക്കുന്നു. ഇത് ആശാപ്രവർത്തകയുടെ സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനും വെല്ലുവിളിയായി​ട്ടുണ്ട്. ആശാപ്രവർത്തക സന്ദർശി​ച്ച വീടുകളിലുള്ളവരെയും താലൂക്ക് ആശുപത്രിയിലെ നഴ്സുമാരെയും നീരീക്ഷണത്തിലാക്കാൻ തീരുമാനി​ച്ചി​ട്ടുണ്ട്.


രോഗലക്ഷണങ്ങൾ കണ്ട് സ്വയം നി​രീക്ഷണത്തി​ൽ പോകുന്നതുവരെ ഇവർ നൂറിലധികം വീടുകളിൽ പോയി​ട്ടുണ്ടെന്നാണ് റി​പ്പോർട്ട്. ഈ സമയം ഇരുപതേക്കർ താലൂക്ക് ആശുപത്രിയിലും ഇവർ ദിവസവും എത്തി​യി​രുന്നു. ആശുപത്രിയിലെ എത്ര നഴ്സുമാരുമായി സമ്പർക്കമുണ്ടായി എന്ന കാര്യവും ഇതുവരെ വ്യക്തമായിട്ടില്ല.