ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 14,821ആയി ഉയർന്നു. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 4,25,282ലേക്കെത്തി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണത്തിൽ രാജ്യത്ത് വൻ വർദ്ധനവാണ് ഉണ്ടായത്. ഒറ്റ ദിവസം കൊണ്ട് 445 പേരുടെ മരണമാണ് രേഖപ്പെടുത്തിയത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 13699 ആയി.
രാജ്യത്തൊട്ടാകെ നിലവിൽ 174387 പേരാണ് ചികിത്സയിലുള്ളത്. 237196 പേർക്ക് രോഗം ഭേദമായി. രോഗമുക്തി നിരക്ക് 55.77 ശതമാനമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയിൽ മരണസംഖ്യ ആറായിരം കടന്ന് 6170 ആയി. ഇതുവരെ രോഗം ബാധിച്ചവരുടെ എണ്ണം 132074 ആകുകയും ചെയ്തു. ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം അറുപതിനായിരത്തോളമായി. 1663 പേർ മരിച്ചു. 27260 പേർക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തിൽ 1663 പേർ മരിച്ചിട്ടുണ്ട്. തമിഴ്‌നാട്ടിൽ 59377 പേർക്കാണ് കൊവിഡ് കണ്ടെത്തിയിട്ടുള്ളത്. 757 മരണം റിപ്പോർട്ട് ചെയ്തു.
ഇന്ത്യക്കൊപ്പം തന്നെ ലോക രാഷ്ട്രങ്ങളിലെ രോഗബാധിതരുടെ എണ്ണവും വൻതോതിൽ വർദ്ധിക്കുകയാണ്. ഇന്നലെ മാത്രം ലോകത്ത് 1.83 ലക്ഷം പേർക്ക് കൊവിഡ് രോഗം സ്ഥിരീകരിച്ചത് വലിയ ആശങ്കയാണ് ഉയർത്തിയിരിക്കുന്നത്. ഓരോ ദിവസവും രേഖപ്പെടുത്തുന്ന പുതിയ രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്താണ് ഇന്ത്യ.