മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിലെ സർക്കാർ കൊവിഡ് കെയർ സെന്ററിൽ മദ്യമെത്തിച്ച സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്തു. താനൂർ സ്വദേശി പ്രസാദിനെതിരെയാണ് കേസെടുത്തത്. കൊവിഡ് കെയർ സെന്റർ അധികൃതർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്.
പ്രസാദിന്റെ സുഹൃത്തായ ഒരാൾ കുവൈറ്റിൽ നിന്ന് നാട്ടിലെത്തിയിരുന്നു. ഇയാൾ കോട്ടയ്ക്കലിലെ കൊവിഡ് കെയർ സെന്ററിൽ നിരീക്ഷണത്തിലാണ്.ഇയാൾക്കുവേണ്ടിയാണ് മദ്യം എത്തിച്ചത്. ഭക്ഷണത്തിനൊപ്പം മദ്യവും ഒളിച്ചുകടത്താനായിരുന്നു ശ്രമം. പക്ഷേ, അധികൃതർ ഇതുകണ്ടുപിടിക്കുകയായിരുന്നു. ഇയാൾക്കുവേണ്ടി അന്വേഷണം ആരംഭിച്ചു. സംഭവത്തെ തുടർന്ന് കൊവിഡ് കെയർ സെന്ററിൽ അധികൃതർ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കിയിട്ടുണ്ട്.