modi-

മുംബയ്: ചൈനീസ് കമ്പനിയുമായി ഒപ്പുവച്ച അയ്യായിരം കോടിയുടെ മൂന്ന് കരാറുകൾ മഹാരാഷ്ട്ര സർക്കാർ മരവിപ്പിച്ചു. ലഡാക്കിലെ ഗാൽവാൻ താഴ്വരയിൽ ഇന്ത്യ ചൈന സൈനികർ തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പാണ് ചൈനീസ് കമ്പനികളുമായി 'മാഗ്‌നെറ്റിക്ക് മഹാരാഷ്ട്ര സർക്കാർ കരാറിൽ ഒപ്പുവച്ചത്.

കേന്ദ്രസർക്കാരുമായി കൂടിയാലോചിച്ചശേഷമാണ് തീരുമാനമെടുത്തതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ അറിയിച്ചു. നമ്മൾ ഒന്നാണ്. ഞങ്ങൾ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടെന്ന് പ്രധാനമന്ത്രി വിളിച്ച സർവകക്ഷി യോഗത്തിൽ താക്കറെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് കരാർ മരവിപ്പിച്ച് മഹാരാഷ്ട്ര സർക്കാർ ഉത്തരവിറക്കിയത്. ചൈനീസ് കമ്പനികളുമായി കരാറുകളിൽ ഒപ്പുവയ്ക്കരുതെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയത്തിന്റെ നിർദ്ദേശമുണ്ടെന്ന് മഹാരാഷ്ട്ര വ്യവസായ മന്ത്രി അറിയിച്ചു.

അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിലാണ് ചൈനീസ് പദ്ധതികൾ മരവിപ്പിച്ചതെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും വ്യക്തമാക്കി. ഇന്ത്യ ചൈന വിഷയത്തിൽ കേന്ദ്രം സ്വീകരിക്കുന്ന ഏത് തീരുമാനത്തെയും ശിവസേന പിന്തുണക്കുമെന്ന് ഉദ്ധവ് താക്കറെ നേരത്തെ അറിയിച്ചിരുന്നു.