rajnath-singh-

ന്യൂഡൽഹി: റഷ്യാ സന്ദർശനത്തിനായി പ്രതിരോധമന്ത്രി രാജ്‌നാഥ്സിംഗ് ന്യൂഡൽഹിയിൽ നിന്ന് തിരിച്ചു. മിസൈൽ പ്രതിരോധ സംവിധാനമായ എസ്-400 ന്റെ കൈമാറ്റം വേഗത്തിലാക്കുന്നതിനുള്ള നീക്കങ്ങൾ ഇന്ത്യ നടത്തും. ചൈനയുമായുള്ള അതിർത്തി തർക്കം മുന്നിൽ കണ്ടാണ് ഇന്ത്യയുടെ നീക്കം. മൂന്ന് ദിവസത്തെ സന്ദർശനത്തിനായാണ് പ്രതിരോധമന്ത്രി റഷ്യയിലേക്ക് തിരിച്ചത്.

റഷ്യയുമായി ശക്തമായ പ്രതിരോധ ബന്ധം പുലർത്തുന്ന ചൈന ഇതിനകം തന്നെ അവിടെ നിന്ന് എസ് -400 സംവിധാനം സ്വന്തമാക്കിയിട്ടുണ്ട്. ഇതാണ് ഇന്ത്യയുടെ നീക്കങ്ങൾക്ക് ആശങ്ക കൂട്ടിയിരിക്കുന്നത്. ആയതിനാൽ തന്നെ യുദ്ധോപകരണങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുക എന്നതാണ് രാജ്‌നാഥിന്റെ സന്ദർശനത്തിലെ പ്രധാന അജണ്ട. നിലവിലുള്ള സുഖോയ്, മിഗ് വിമാനഭാഗങ്ങളുടെ ലഭ്യത വേഗത്തിലാക്കുകയും മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങൾ ഇവയുടെ ലഭ്യതയെ ബാധിക്കില്ലെന്ന് ഉറപ്പാക്കുകയും ചെയ്യുക എന്നതാണ് പ്രധാന ലക്ഷ്യം.

മോസ്‌കോ വിക്ടറി ഡേ പരേഡിൽ രാജ്‌നാഥ് പങ്കെടുക്കും. കൊവിഡ് പശ്ചാത്തലത്തിൽ രാജ്‌നാഥ് സിംഗ് പരേഡിൽ പങ്കെടുക്കുന്ന കാര്യത്തിൽ സംശയമുണ്ടായിരുന്നു.എന്നാൽ ഈ നിർണായക ഘട്ടത്തിൽ റഷ്യൻ സർക്കാരുമായി ഇടപഴകാനുള്ള ഏറ്റവും മികച്ച അവസരമായതിനാൽ രാജ്‌നാഥ് സന്ദർശനം നടത്തണമെന്ന് തീരുമാനിക്കുകയായിരുന്നു.

ലഡാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ സായുധസേനയോട് എല്ലാ തരത്തിലും സജ്ജരാകാൻ നിർദേശം നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി ആയുധങ്ങളുടെ അഭാവവും തയ്യാറെടുപ്പുകളുടെ വിടവുകളും നികത്താനുള്ള നടപടികളും സർക്കാർ ആരംഭിച്ചിട്ടുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് റഷ്യയിൽ നിന്ന് എസ്-400 സംവിധാനം ലഭിക്കുന്നത് വേഗത്തിലാക്കാൻ സാധിക്കുമോ എന്നതാണ് ഇന്ത്യ ആരായുന്നത്.