തിരുവനന്തപുരം: സ്വർണവില കുതിച്ചുയരുന്നു. തിങ്കളാഴ്ച പവന് 160 രൂപകൂടി എക്കാലത്തെയും ഉയർന്ന വിലയായ 35,680 രൂപയിലെത്തി. 4460 രൂപയാണ് ഗ്രാമിന്റെ വില. പണിക്കൂലി, നികുതി, സെസ് എന്നിവകൂടി ചേരുന്നതോടെ ഒരു പവൻ വാങ്ങണമെങ്കിൽ ഉപഭോക്താവ് 39,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട അവസ്ഥയാണ്. ശനിയാഴ്ച രണ്ടുതവണയായാണ് വിലകൂടിയത്.
ഇന്ത്യ-ചൈന അതിർത്തി സംഘർഷവും രൂപയുടെ മൂല്യത്തകർച്ചയുമാണ് സ്വർണവില കുതിക്കാൻ കാരണമെന്നാണ് വിലയിരുത്തൽ. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ സ്വർണം വാങ്ങിക്കൂട്ടുന്നതും വിലകൂടാൻ കാരണമാകുന്നുണ്ട്. ഈ വർഷം മാത്രം സംസ്ഥാനത്ത് 6,560 രൂപയുടെ വർദ്ധനയാണ് സ്വർണവിലയിൽ ഉണ്ടായത്. ജനുവരി ഒന്നിന് പവന് 29,000 രൂപയും ഗ്രാമിന് 3,625 രൂപയുമായിരുന്നു വില.
ലോകത്ത് സ്വർണ ഉപഭോഗത്തിൽ രണ്ടാംസ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം. ഒന്നാം സ്ഥാനം ചൈനയ്ക്കാണ്. സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളിൽ പ്രധാന രാജ്യമാണ് ഇന്ത്യ.