pic

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് മുൻ പ്രധാനമന്ത്രി മൻമോഹൻസിംഗ് നൽകിയ ഉപദേശം അദ്ദേഹം സ്വീകരിക്കുമെന്ന്‌ പ്രതീക്ഷിക്കുന്നതായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് മൻമോഹൻസിംഗ് ഇന്ന് അയച്ച കത്ത് ചൂണ്ടിക്കാട്ടിയാണ് ട്വിറ്ററിലൂടെ രാഹുൽ വിമർശനമുന്നയിച്ചിരിക്കുന്നത്.

പ്രധാനപ്പെട്ട ഉപദേശമാണ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് നൽകിയിരിക്കുന്നത്. ഇന്ത്യയുടെ പുരോഗതിക്കായി പ്രധാനമന്ത്രി ഈ ഉപദേശം ബഹുമാനത്തോടെ സ്വീകരിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ ട്വീറ്റ്.

ഒരു രാജ്യമെന്ന നിലയിൽ നാം ഒരുമിച്ച് നിൽക്കേണ്ട നിമിഷമാണിത്. തെറ്റായ വിവരങ്ങൾ നയതന്ത്രത്തിന്‌ പകരമാവില്ലെന്ന് ഞങ്ങൾ പ്രധാനമന്ത്രിയേയും സർക്കാരിനേയും ഓർമ്മിപ്പിക്കുന്നു. തെറ്റായ പ്രസ്താവനകൾ പ്രചരിപ്പിക്കുന്നതിലൂടെ സത്യം അടിച്ചമർത്താനാവില്ലെന്നും മൻമോഹൻസിംഗ് മോദിക്കയച്ച കത്തിൽ കുറിച്ചിരുന്നു.