പൂവാർ: പൊഴിയൂർ മുതൽ അടിമലത്തുറ വരെയുള്ള തീരദേശം പകർച്ചവ്യാധികളുടെ ഭീതിയിലാണ്. പഞ്ചായത്ത് ഭരണസമിതികൾ എല്ലാം തന്നെ കൊവിഡ് 19 നെതിരെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിൽ സജീവമായിരുന്നതിനാൽ മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തിയിട്ടില്ലെന്നും പ്രദേശവാസികൾക്കിടയിൽ ആക്ഷേപമുണ്ട്. മഴക്കാലമായാൽ തീരദേശത്ത് പകർച്ചവ്യാധികൾ പടർന്ന് പിടിക്കുക സാധാരണമാണ്. ശുദ്ധജലത്തിന്റെ ലഭ്യതക്കുറവ്, മാലിന്യ സംസ്കരണം കാര്യക്ഷമമായി നടക്കാത്തത്, കൃത്യമായ ആരോഗ്യ പരിപാലനം ഇല്ലായ്മ എന്നിവയെല്ലാമാണ് പകർച്ചവ്യാധികൾ ഇവിടെ പടരാനുള്ള കാരണം. തീരപ്രദേശത്ത് ശുദ്ധജലം ഇന്നും കിട്ടാക്കനി തന്നെയാണ്. തിരുപുറം, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. കഴിഞ്ഞ വർഷം പ്രവർത്തനം ആരംഭിച്ചെങ്കിലും തീരദേശത്ത് കുടിവെള്ളം ലഭ്യമായിട്ടില്ല. കരിച്ചൽ പമ്പ് ഹൗസിൽ നിന്നുള്ള വെള്ളമാണ് ഇപ്പോഴും തീരദേശവാസികൾക്ക് ആശ്രയം. ഇതാകട്ടെ ആഴ്ചയിൽ ഒന്നോ രണ്ടോ ദിവസം മാത്രമാണ് കിട്ടുക. ഇടയ്ക്ക് എവിടെയെങ്കിലും പൈപ്പ് പൊട്ടിയാൽ അതുവഴിയുള്ള ജലവിതരണം ആഴ്ചകളോളം മുടങ്ങും. റോഡിലേക്കും ഓടയിലേക്കും പൊട്ടി ഒഴുകുന്ന മലിനജലം ശേഖരിച്ച് കുടിവെള്ളമാക്കുന്നവരും തീരദേശത്ത് നിരവധിയാണ്. അടിമലത്തുറയിൽ പൊട്ടി ഒഴുകുന്ന പൈപ്പ് ലൈൻ നന്നാക്കണമെന്ന് കാഞ്ഞിരംകുളം വാട്ടർ അതോറിട്ടിയോട് ആവശ്യപ്പെട്ടിട്ടും നാളിതുവരെ ശരിയാക്കിയിട്ടില്ല. ചില സാഹചര്യങ്ങളിൽ ടാങ്കർ ലോറികളിൽ എത്തുന്ന നെയ്യാറ്റിലെയും കരിച്ചൽ കായലിലെയും വെള്ളം വില കൊടുത്ത് വാങ്ങി ഉപയോഗിക്കുന്നവരുമുണ്ട്. മാലിന്യം കലരാത്ത കുടിവെള്ളം തീരദേശത്ത് എത്തിക്കാൻ ബന്ധപ്പെട്ടവർ ഇനിയും അമാന്തം കാട്ടരുതെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. മഴക്കാലത്ത് തീരദേശം മാലിന്യക്കലവറയായി മാറുക പതിവാണ്. ഉയർന്ന ഭാഗത്ത് നിന്നും ഒലിച്ചെത്തുന്ന മലിനജലം താഴ്ന്ന പ്രദേശങ്ങളിൽ ആഴ്ചകളോളം കെട്ടിക്കിടക്കാറുണ്ട്. വീടുകളിൽ നിന്നുള്ള ആഹാര അവശിഷ്ടങ്ങൾ ഉപേക്ഷിക്കുന്നതും ഈ മലിന ജലത്തിലാണ്. കക്കൂസ് മാലിന്യവും അറവ് മാലിന്യവും കൂടെയാകുമ്പോൾ വഴി നടക്കാൻ പോലും കഴിയാത്ത രീതിയിലാകും ദുർഗന്ധം വമിക്കുക. അധികൃതർ ഇടപെട്ട് നിലവിലെ പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് പ്രദേശവാസികൾ പറയുന്നത്.
പൂവാർ, പുല്ലുവിള്ള പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾ വഴി ഗ്രാമ പഞ്ചായത്തുകളാണ് തീരദേശത്ത് ആരോഗ്യപരിപാലനം നടപ്പാക്കുന്നത്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങൾ, ബോധവത്കരണ കാമ്പെയിനുകൾ, മെഡിക്കൽ ക്യാമ്പുകൾ, പ്രതിരോധ മരുന്നുകൾ തുടങ്ങിയവ ഈ പ്രദേശത്ത് ഉറപ്പു വരുത്തുകയാണ് പതിവ്. എന്നാൽ ഇപ്രാവശ്യം ഈ വക കാര്യങ്ങൾ തീരദേശത്ത് നടപ്പാക്കിയിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. പനി ബാധിച്ച് പുല്ലുവിള സി.എച്ച്.സി യിൽ ചികിത്സയ്ക്കെത്തിയവരിൽ ഡെങ്കി സ്ഥിരീകരിച്ചിട്ടുണ്ട്. കുടിവെള്ളത്തിനായി ശുദ്ധജലം ഉറപ്പുവരുത്തുകയും, മാലിന്യ നിർമാർജ്ജനവും ഉടനടി ചെയ്തില്ലെങ്കിൽ കനത്ത തിരച്ചടിയായിരിക്കും നേരിടേണ്ടി വരിക.
വൃത്തിഹീനമായ ചുറ്രുപാടും മലിനജലം ഉപയോഗിക്കേണ്ടിയും വരുന്നതിനാൽ ഉണ്ടാകാൻ സാദ്ധ്യതയുള്ള അസുഖങ്ങൾ- ഡെങ്കിപ്പനി, എലിപ്പനി, ചെള്ള് പനി, കോളറ
കുളത്തൂർ, പൂവാർ, കരുംകുളം, കോട്ടുകാൽ തുടങ്ങിയ പഞ്ചായത്തുകളിൽ അധിവസിക്കുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങളാണ് ഈ ദുരന്തങ്ങൾ ഏറ്റുവാങ്ങാൻ വിധിക്കപ്പെട്ടവർ.
തീരപ്രദേശത്ത് ശുദ്ധജലം ഇന്നും കിട്ടാക്കനി തന്നെയാണ്. തിരുപുറം, കാഞ്ഞിരംകുളം, പൂവാർ, കരുംകുളം തുടങ്ങിയ പഞ്ചായത്തുകളിൽ കുടിവെള്ളമെത്തിക്കുന്ന പദ്ധതിയാണ് കുമിളി വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റ്. 2019 -ൽ, 16 കോടി രൂപ ചെലവഴിച്ച് ഇതിന്റെ പ്രവർത്തനം ആരംഭിച്ചെങ്കിലും തീരദേശത്ത് ഒരു തുള്ളി വെള്ളവും ഇതുവരെ എത്തിയിട്ടില്ല.
റോഡിലേക്കും, ഓടയിലേക്കും പൈപ്പ പൊട്ടി ഒഴുകുന്ന മലിനജലം ശേഖരിച്ച് കുടിവെള്ളമാക്കേണ്ട ഗതികേടിലാണ് തീരദേശവാസികൾക്ക്
ഫോട്ടോ: അടിമലത്തുറയിൽ പൈപ്പ് പൊട്ടി, ഓടയിൽ കെട്ടിക്കിടക്കുന്ന മലിനജലം ശേഖരിക്കുന്ന വീട്ടമ്മ.