വാഷിങ്ടൺ: പുതിയ തൊഴിൽ വിസകൾക്ക് വിലക്ക് ഏർപ്പെടുത്തിക്കൊണ്ടുള്ള ഉത്തരവിൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇന്ന് ഒപ്പുവച്ചേക്കും. യു.എസിലേക്ക് പുതുതായി അപേക്ഷിക്കുന്ന എച്ച് 1 ബി, എച്ച് 2 ബി, എൽ 1, ജെ 1 വിസകളാണ് താത്കാലികമായി നിർത്തുന്നത്.
സയൻസ്, എൻജിനിയറിങ്, ഐ.ടി. മേഖലകളിലെ വിദഗ്ദ്ധരാണ് എച്ച് 1 ബി വിസയിൽ ജോലി ചെയ്യുന്നത്. ഹോട്ടൽ, നിർമാണ മേഖലയിൽ തൊഴിലെടുക്കുന്നവർക്കാണ് എച്ച് 2 ബി വിസ നൽകുന്നത്. എൽ 1 വിസയ്ക്ക് കീഴിൽ വരുന്നവർ കോർപ്പറേറ്റ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ജെ 1 വിസയിൽ വരുന്നവർ ഗവേഷകർ, പ്രൊഫസർമാർ എന്നിവരുമാണ്.
കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനാൽ ലക്ഷക്കണക്കിന് അമേരിക്കക്കാർക്ക് തൊഴിൽ നഷ്ടപ്പെട്ടു. ഈ സാഹചര്യത്തിലാണ് തൊഴിൽ വിസകൾ നിർത്തിവയ്ക്കുന്നത്. എന്നാൽ ഇപ്പോൾ അമേരിക്കയിൽ ജോലി ചെയ്യുന്ന വിദേശികളെ വിലക്ക് ബാധിക്കില്ല. പുതുതായി വിദേശികളിലാർക്കും തൊഴിൽതേടി അമേരിക്കയിൽ പോകാനാവില്ല. ഇത് കൂടുതൽ ബാധിക്കുന്നത് ഇന്ത്യയേയാണ്. ഐ.ടി മേഖലയിൽ ജോലി ചെയ്യുന്നവരിലധികവും ഇന്ത്യക്കാരാണ്. പോകാനാഗ്രഹിക്കുന്നവരും ഇന്ത്യാക്കാരാണ്.
50 ജീവനക്കാരുള്ള കമ്പനികളിൽ പകുതിയോളം പേർ എച്ച് 1 ബി, എൽ1 വിസയുള്ളവരാണെങ്കിലും, കൂടുതൽ പേരെ എച്ച് 1 ബി വിസയിൽ നിയമിക്കാൻ അനുവദിക്കില്ല. വിദഗ്ദ്ധ മേഖലയിൽ പ്രവർത്തിക്കുന്ന വിദേശികൾക്ക് അനുവദിക്കുന്ന ഹ്രസ്വകാല വിസയാണ് എച്ച് 1 ബി. കഴിഞ്ഞ മൂന്ന് വർഷമായി എച്ച് 1 ബി വിസകളുടെ എണ്ണം കുറയ്ക്കാനുള്ള ശ്രമത്തിലായിരുന്നു അമേരിക്കൻ സർക്കാർ.