മലയാള സിനിമ പ്രേക്ഷകർക്ക് ആകാംക്ഷയും കൗതുകവുമേകി പൃഥ്വിരാജും ആഷിക്ക് അബുവും ഒന്നിക്കുന്നു. വാരിയംകുന്നൻ എന്നാണ് പുതിയ സിനിമയുടെ പേര്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം ഫേസ്‌ബുക്കിലൂടെ അറിയിച്ചത്. ഇരുവരും ആദ്യമായി ഒന്നിക്കുന്ന ചലച്ചിത്രം ചരിത്രസിനിമയാണ് എന്നതും ശ്രദ്ധേയമാണ്.
മലയാളിക്ക് അധികമറിയാത്ത ചരിത്രം പറയുന്ന സിനിമ 2021ൽ ചിത്രീകരണം ആരംഭിക്കും. പുതിയ സിനിമയുടെ പേരും അണിയറ പ്രവർത്തകരുടെ വിശദാംശങ്ങളും പൃഥ്വിരാജിനൊപ്പം ആഷിക്ക് അബുവും റിമാകലിങ്കലും ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്‌തിട്ടുണ്ട്. ഇതാദ്യമായാണ് ആഷിക്ക് അബു ഒരു ചരിത്ര സിനിമയൊരുക്കുന്നത്.
1921ലെ മലബാർ വിപ്ലവത്തിലെ പോരാളിയായ വാരിയംകുന്നത്ത് ഹാജിയുടെ കഥയാണ് സിനിമ പറയുന്നത്. മലബാർ വിപ്ലവത്തിന്റെ നൂറാ വാർഷത്തികത്തിലാണ് സിനിമയുടെ ചിത്രീകരണം ആരംഭിക്കുന്നത്. നേരത്തെ ഐ.വി ശശി സംവിധാനം ചെയ്‌ത മലബാർ വിപ്ലവത്തിന്റെ കഥ പറയുന്ന 1921 എന്ന സിനിമ മലയാളത്തിൽ പുറത്തിറങ്ങിയിരുന്നു. അതിൽ നിന്നെല്ലാം തീർത്തും വ്യത്യസ്തമായിരിക്കും പുതിയ സിനിമയെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്.
"ലോകത്തിന്റെ നാലിലൊന്ന് ഭാഗവും അടക്കി ഭരിച്ചിരുന്ന ബ്രിട്ടീഷ് സ്വാമ്രാജ്യത്തിനെതിരെ യുദ്ധം ചെയ്ത് ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രം ഞങ്ങൾ സിനിമയാക്കുന്നു. ആസൂത്രിതമായി മറവിയിലേക്ക് തള്ളപ്പെട്ട മലബാർ വിപ്ലവ ചരിത്രത്തിന്റെ നൂറാം വാർഷികത്തിൽ (2021) ചിത്രീകരണം ആരംഭിക്കുന്നു." എന്നാണ് മൂവരും ഫേസ്‌ബുക്കിൽ കുറിച്ചത്.
സിക്കന്ദർ, മൊയ്‌ദീൻ തുടങ്ങിയവർ നിർമ്മിക്കുന്ന വാരിയംകുന്നന്റെ രചന ഹർഷദും റമീസും ചേർന്നാണ്. ഷൈജു ഖാലിദാണ് സിനിമയുടെ ഛായാഗ്രഹണം. മുഹ്‌സീൻ പരാരിയാണ് കോ ഡയറക്‌ടർ. സൈജു ശ്രീധരൻ എഡിറ്റിംഗ് നിർവഹിക്കുന്ന സിനിമയുടെ കലാസംവിധാനം ജ്യോതിഷ് ശങ്കറാണ്. വസ്ത്രാലങ്കാരം-സമീറ സനീഷ്, നിർമ്മാണ നിയന്ത്രണം- ബെന്നി കട്ടപ്പന.