ഇംഫാൽ: മണിപ്പൂരിൽ ആടിയുലയുന്ന ബി.ജെ.പി സർക്കാരിനെ രക്ഷിക്കാനുള്ള ശ്രമങ്ങൾ കേന്ദ്രനേതൃത്വം ആരംഭിച്ചു. ഇതിന്റെ ഭാഗമായി മേഘാലയ മുഖ്യമന്ത്രിയും എൻ.പി.പി നേതാവുമായ കോൺറാഡ് സാംഗ്‌മയേയും, ഹിമന്ദ ബിശ്വ ശർമയേയും ബി.ജെ.പി കേന്ദ്ര നേതൃത്വം മണിപ്പൂരിലേക്കയച്ചു.
കോൺഗ്രസിന്റെ നേതൃത്വത്തിൽ മതേതര പുരോഗമന മുന്നണി (എസ്.പി.എഫ്) രൂപീകരിച്ച് ഭരണംപിടിക്കാനുള്ള ശ്രമം ആരംഭിച്ചതിന് തൊട്ടുപിന്നാലെയാണ് ബി.ജെ.പിയുടെ തിരക്കിട്ട നീക്കം. അതേസമയം ഭരണം പിടിക്കാൻ കോൺഗ്രസ് ഹൈക്കമാൻഡ് അയച്ച നിരീക്ഷകർ സമ്പർക്ക വിലക്കിലാണ്. എ.ഐ.സി.സി. വക്താവ് അജയ് മാക്കൻ, വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഗൗരവ് ഗൊഗോയി എന്നിവരാണ് സമ്പർക്ക വിലക്കിലുള്ളത്. വെള്ളിയാഴ്ച സംസ്ഥാനത്തെത്തിയ ഇരുവരും ഇംഫാലിലെ ഹോട്ടലിലാണ് സമ്പർക്കവിലക്കിൽ കഴിയുന്നത്. നിയന്ത്രണങ്ങൾ ലംഘിച്ച ഇരുവരെയും സംസ്ഥാന സർക്കാർ സമ്പർക്ക വിലക്കിൽ പ്രവേശിപ്പിക്കുകയായിരുന്നെന്നാണ് ബി.ജെ.പി. അവകാശപ്പെടുന്നത്. എന്നാൽ നേതാക്കൾ സ്വയം സമ്പർക്കവിലക്കിൽ കഴിയുകയാണെന്നാണ് കോൺഗ്രസ് വാദം.
കോൺറാഡ് സാംഗ്‌മയുടെ പാർട്ടിയായ എൻ.പി.പിയുടെ മണിപ്പൂർ ഘടകമാണ് ബി.ജെ.പി സർക്കാരിനെ പ്രതിസന്ധിയിലാക്കിയത്. മൂന്ന് ബി.ജെ.പി എം.എൽ.എ.മാർ കോൺഗ്രസിൽ ചേരുകയും, നാഷണൽ പീപ്പിൾ പാർട്ടിയിൽ നിന്നുള്ള നാലു മന്ത്രിമാരും ഒരു തൃണമൂൽ എം.എൽ.എയും, ഒരു സ്വതന്ത്ര എം.എൽ.എയും ബി.ജെ.പി സർക്കാരിനുള്ള പിന്തുണ പിൻവലിച്ചതോടെ സർക്കാർ ന്യൂനപക്ഷമാവുകയായിരുന്നു.
എൻ.പി.പിയുടെ എം.എൽ.എമാരെ അനുയയിപ്പിക്കുന്നതിനാണ് കോൺറാഡ് സാംഗ്‌മയെ മണിപ്പൂരിലേക്കെത്തിച്ചിരിക്കുന്നത്. 2017ൽ ഹിമന്ദ ബിശ്വ ശർമയും കോൺറാഡ് സാംഗ്‌മയും മണിപ്പൂരിലെത്തി ബി.ജെ.പിയുടെ നേത്വത്തിലുള്ള സർക്കാർ രൂപീകരണത്തിന് വഴിയൊരുക്കിയിരുന്നു.
ബി.ജെ.പിക്കെതിരായ മണിപ്പൂരിലെ പാർട്ടിയുടെ നിലപാട് മേഘാലയിലും ബാധിക്കുമെന്ന ആശങ്കയും കോൺറാഡ് സാങ്മയ്ക്കുണ്ട്. അതുകൊണ്ടു തന്നെ എം.എൽ.എമാരുടെ തീരുമാനം പിൻവലിപ്പിക്കാൻ അദ്ദേഹം തീവ്രശ്രമം നടത്തുന്നുണ്ട്.
ഞായറാഴ്ച എൻ.പി.പിയുടെ മണിപ്പൂർ ഘടകം സർക്കാരിന് പിന്തുണ പിൻവലിക്കാനുള്ള കാരണങ്ങൾ വിശദീകരിച്ച് പ്രസ്താവന ഇറക്കി. ബി.ജെ.പി സർക്കാർ സ്വേച്ഛാധിപത്യ രീതിയിലാണ് പ്രവർത്തിക്കുന്നത്. സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാൻ വിസമ്മതിച്ചു. സഖ്യകക്ഷികളുമായി കൂടിയാലോചനകളില്ല, രാജ്യസഭാ സ്ഥാനാർത്ഥിയെ തീരുമാനിച്ചത് ആലോചിച്ചല്ല തുടങ്ങിയ കാര്യങ്ങളാണ് എൻ.പി.പി പിന്തുണ പിൻവലിക്കാൻ കാരണമായി നിരത്തുന്നത്.