madras-high-court-

ചെന്നൈ: രാജ്യത്തെ നടുക്കിയ തമിഴ്നാട്ടിലെ ഉദുമൽപേട്ട് ദുരഭിമാനക്കൊലക്കേസിലെ പ്രതികളുടെ വധശിക്ഷ മദ്രാസ് ഹൈക്കോടതി റദ്ദാക്കി. അഞ്ചു പ്രതികളുടെ മരണ ശിക്ഷയാണ് 25 വർഷത്തെ കഠിന തടവായി കോടതി ചുരുക്കിയത്. ദളിത് വിഭാഗത്തിൽപ്പെട്ട ശങ്കർഎന്ന യുവാവ് കൂടെ പഠിച്ചിരുന്ന തേവർ സമുദായത്തിൽപ്പെട്ട കൗസല്യയെ പ്രണയിച്ച് വിവാഹം കഴിച്ചു. തുടർന്ന് പെൺകുട്ടിയുടെ മാതാപിതാക്കൾ വാടക ഗുണ്ടകളെ ഉപയോഗിച്ച് ശങ്കറിനെ വെട്ടിക്കൊന്നുവെന്നാണ് കേസ്.

മുഖ്യപ്രതിയായിരുന്ന പെൺകുട്ടിയുടെ അച്ഛൻ ചിന്നസ്വാമിയെ തെളിവുകളുടെ അഭാവത്തിൽ കോടതി വിട്ടയച്ചു. 2016 മാർച്ച് 13ന് ഉദുമൽപേട്ട് ടൗണിൽ വച്ചാണ് കേസിനാധാരമായ കൊലപാതകമുണ്ടായത്. അതോടൊപ്പം ഗൂഡാലോചനയിൽ മുഖ്യപങ്കുള്ള കൗസല്യയുടെ അമ്മ സി.അന്നലക്ഷ്മി, അമ്മാവൻ പാണ്ടിദുരൈ, എന്നിവരെ വിട്ടയച്ചത് ചോദ്യം ചെത് പ്രോസി‌ക്യൂഷനും കോടതിയെ സമീപിച്ചിരുന്നു.

ഒരു വർഷത്തിലേറെ നീണ്ട വാദത്തിനൊടുവിൽ പൊലീസ് അന്വേഷണത്തിലെ വീഴ്ചകൾ ചൂണ്ടികാണിച്ചാണ് ഹൈക്കോടതിയുടെ വിധി. വധശിക്ഷയുടെ സ്ഥിരീകരണത്തിനുവേണ്ടി വിധി പറഞ്ഞ തിരുപ്പൂർ പ്രിൻസിപ്പൾ കോടതി കേസ് ഹൈക്കോടതിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.