covid-fear

തിരുവനന്തപുരം: കൊവിഡ് ഭീതിയിൽ സംസ്ഥാനം ലോക്ക് ഡൗണിൽ കുടുങ്ങിയിട്ട് 90 ദിവസം പിന്നിടുന്നു. ഘട്ടംഘട്ടമായി ഇളവുകൾ നൽകി ജനജീവിതം സാധാരണ നിലയിലേക്ക് മടക്കിക്കൊണ്ടു വരാനുള്ള ശ്രമങ്ങൾ ഒരുവശത്ത്. മറുവശത്ത്,​ നിയന്ത്രണങ്ങൾ വീണ്ടും കർശനമാക്കേണ്ട സ്ഥിതി! ഇതുവരെ നേരിട്ടതിനെക്കാൾ രൂക്ഷമായ സാഹചര്യമാണ് വരും ദിവസങ്ങളിൽ നേരിടാനുള്ളതെന്ന് പ്രതിദിന കൊവിഡ് കണക്കുകൾ മുന്നറിയിപ്പ് നൽകുന്നു.

അതിജീവനത്തിന് എളുപ്പവഴികളില്ല. വൈറസിന്റെ സമൂഹവ്യാപനം സംശയിക്കപ്പെടേണ്ട അവസ്ഥയും,​ ഉറവിടമറിയാത്ത കേസുകളുടെ വർദ്ധനവും അടുത്ത ഘട്ടത്തിൽ സംസ്ഥാനത്തിന് കൊവിഡ് പ്രതിരോധ നടപടികളിൽ കടുത്ത പ്രതിസന്ധിയാകും സൃഷ്ടിക്കുക. ആശുപത്രികളിൽ രോഗികൾ കൂട്ടത്തോടെ ചികിത്സ തേടിയെത്തുന്ന സ്ഥിതിയാകും. കാലവർഷം കനക്കുമ്പോൾ മറ്റ് പകർച്ചവ്യാധികൾ കൂടി വ്യാപകമായാൽ പ്രതിരോധ സംവിധാനം പാളിയേക്കാം. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ എല്ലാ സജ്ജീകരണങ്ങളും കരുതുകയും,​ പൂർണ ജാഗ്രതയോടെ പ്രവർത്തിക്കുകയും ചെയ്തില്ലെങ്കിൽ കാര്യങ്ങൾ കൈവിട്ടുപോകും.

ലോക്ക് ഡൗൺ പ്രഖ്യാപിച്ച വേളയിൽ,​ പുറത്തുനിന്ന് അതുവരെ സംസ്ഥാനത്തിനകത്തേക്ക് എത്തിയവരെ കണ്ടെത്തി രോഗവ്യാപനം ചെറുക്കുകയായിരുന്നു ലക്ഷ്യം. അതിൽ കേരളം വിജയിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ച മാർച്ച് 23ന് രോഗബാധിതർ 28 പേരായിരുന്നു. ഏപ്രിൽ 15ന് രണ്ടാംഘട്ടം തുടങ്ങിയപ്പോൾ രോബാധിതരുടെ സംഖ്യ ഒന്നായി ചുരുങ്ങി. ഇതാണ് ലോക്ക് ഡൗണിലൂടെ കേരളം നേടിയ വിജയം. തുടർന്നുള്ള ലോക്ക് ഡൗൺ നാളുകളിലും സ്ഥിതിഗതികൾ നിയന്ത്രണവിധേയമായിരുന്നു.

അതിർത്തികളിൽ അടച്ചിട്ടിരുന്ന വാതിലുകൾ തുറന്നതോടെ മേയ് 4ന് ചെക്ക് പോസ്റ്റുകൾ വഴി ആളുകൾ എത്തിത്തുടങ്ങി. ഏഴു മുതൽ വിമാനങ്ങളും 14 മുതൽ ട്രെയിനുകളും എത്തിയതോടെ മെല്ലെ മെല്ലെ രോഗികളുടെ എണ്ണവും വർദ്ധിച്ചു. വിദേശങ്ങളിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരുമായുള്ള സമ്പർക്കം വഴി രോഗം പടരുന്നത് തടയാൻ ശ്രമങ്ങൾ തുടരുകയാണ്. ഇതിനിടെയാണ് ഉറവിടം തിരിച്ചറിയാനാകാത്ത കേസുകൾ പെരുകുന്നത്. പുറത്തു നിന്ന് ആളുകൾ എത്തിയതു മുതൽ ഇതുവരെ 50 ൽ അധികം കേസുകളിൽ ഉറവിടം ഇപ്പോഴും അജ്ഞാതമായി തുടരുന്നു. ഇനി നേരിടാനുള്ള പ്രധാന വെല്ലുവിളി ഇതാണ്. സമൂഹത്തിലേക്ക് വൈറസ് പടർന്നതിന്റെ ലക്ഷണമാണ് ഉറവിടമറിയാത്ത കേസുകൾ. ഇതുവരെ 21 പേർ മരണമടഞ്ഞതിൽ അഞ്ചിലും ഉറവിടം വ്യക്തമല്ല.

അന്വേഷണം വേണം

ഉറവിടം തിരിച്ചറിയാതെ ഒരാൾക്ക് കൊവിഡ് ബാധയുണ്ടായാൽ അയാളിൽ നിന്ന് മറ്റുള്ളവരിലേക്ക് രോഗം പകർന്നിട്ടില്ലെന്ന് ഉറപ്പാക്കുന്നതു പോലെ പ്രധാനമാണ് രോഗം ബാധിച്ച വ്യക്തിയുടെ ഉറവിടം കണ്ടെത്തുന്നതും. എങ്കിൽ മാത്രമെ ഇവരിൽ നിന്ന് എത്ര പേരിലേക്ക് രോഗവ്യാപനം ഉണ്ടായെന്ന കണക്കും വിശ്വസനീയമാകൂ.

പരിശോധന താഴേത്തട്ടിൽ

പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും സർക്കാർ- സ്വകാര്യ ആശുപത്രികളിലും ചികിത്സ തേടിയെത്തുന്നവരുടെ വിവരം ശേഖരിച്ച് രോഗത്തിന്റെ സ്വഭാവമനുസരിച്ച് കൊവിഡ് മുൻനിറുത്തിയുള്ള പരിശോധന വരും ദിവസങ്ങളിൽ നടത്തണമെന്ന് ആരോഗ്യവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. ശ്വാസകോശ സംബന്ധമായ രോഗങ്ങൾ ഉള്ളവർക്ക് പ്രത്യേക ശ്രദ്ധ നൽകണം.