ന്യൂഡൽഹി: കൊവിഡ് മഹാമാരിക്കിടെ രാജ്യതലസ്ഥാനമായ ഡൽഹിയിൽ അതിശക്തമായ കാറ്റും മഴയും തുടരുന്നു. സംസ്ഥാനത്ത് ചെറിയ തോതിൽ പെയ്‌തിരുന്ന മഴ രാവിലെ മുതൽ ശക്തമായിരിക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ റിപ്പോർട്ട് പ്രകാരം ഡൽഹിയിൽ ഇന്ന് മഴ തുടരും.മഴയ്‌ക്കൊപ്പം തന്നെ സംസ്ഥാനത്ത് ശക്തമായ കാറ്റും തുടരുകയാണ്. അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയർന്നിരുന്നതിനാൽ മഴ ഡൽഹിക്ക് ആശ്വാസമായിരിക്കുകയാണ്.
അതേസമയം തലസ്ഥാനത്തെ റോഡുകളിൽ വെള്ളക്കെട്ട് രൂപപ്പെട്ടത് ഗതാഗത തടസം സൃഷ്ടിക്കുന്നുണ്ട്. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളെ മഴ ബാധിക്കുമോയെന്ന ആശങ്കയിലാണ് കേന്ദ്ര സംസ്ഥാന സർക്കാരുകൾ.