ന്യൂഡൽഹി: പുരി രഥയാത്ര അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സർക്കാരും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടു. പൊതുജന പങ്കാളിത്തമില്ലാതെ രഥായാത്ര അനുവദിക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ചീഫ് ജസ്റ്റിസുമായി ചർച്ച ചെയ്ത ശേഷം ഇക്കാര്യത്തിലുള്ള മറുപടി അറിയിക്കാമെന്ന് ജസ്റ്റിസ് അരുൺ മിശ്ര വ്യക്തമാക്കി.
ചൊവ്വാഴ്ചയാണ് ചരിത്രപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കൊവിഡിന്റെ പശ്ചാത്തലത്തിൽ രഥയാത്ര വേണ്ടെന്ന് കോടതി നേരത്തേ നിർദ്ദേശിച്ചിരുന്നു.എന്നാൽ ആചാര പ്രകാരം ചൊവ്വാഴ്ച പുരി ജഗന്നാഥന് പുറത്തിറങ്ങാൻ കഴിഞ്ഞില്ലെങ്കിൽ പിന്നീട് പുറത്തിറങ്ങാൻ 12 വർഷം കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ കടുത്ത നിയന്ത്രണങ്ങളോടുകൂടി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യത്തെയാണ് ഒഡീഷ സർക്കാരും പിന്തുണച്ചത്.