തിരുവനന്തപുരം: പ്രവാസി വിഷയത്തിൽ മുഖ്യമന്ത്രിയെ വിമർശിച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തി. പ്രവാസികൾ ഗൾഫ് നാട്ടിൽ കിടന്നു മരിക്കട്ടെ എന്നാണ് സർക്കാർ നിലപാടെങ്കിൽ പ്രതിഷേധം തുടരും. പ്രവാസികൾക്ക് സാമ്പത്തിക സഹായം നൽകണം എന്നതടക്കം നാല് ആവശ്യങ്ങൾ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് പ്രതിപക്ഷ നേതാവും ഉപനേതാവും കത്തയയ്ക്കുമെന്നും ചെന്നിത്തല പറഞ്ഞു.
കേറി വാടാ മക്കളേ എന്നു പറഞ്ഞവർ കേറി വരണ്ട മക്കളേ എന്നാണ് ഇപ്പോൾ പറയുന്നത്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. കാലിക്കറ്റ് സർവകലാശാലയിലെ വി.സി നിയമനം നടക്കാത്തത് എന്തുകൊണ്ടെന്ന് വൈകിട്ടത്തെ ബഡായി ബംഗ്ലാവിൽ മുഖ്യമന്ത്രി വിശദീകരിക്കണം. ബാലാവകാശ കമ്മിഷൻ നിയമനത്തിലെ സർക്കാർ നടപടികൾ പുനഃപരിശോധിക്കണം.നിയമനത്തിനായി സർക്കാർവരുത്തിയ ഇളവുകൾ പിൻവലിക്കണം. പാർട്ടി സഖാക്കളെ നിയമിക്കാനാണ് ഇളവുകൾ വരുത്തുന്നത്-ചെന്നിത്തല പറഞ്ഞു.