mount-merapi

ജക്കാർത്ത : ലോകത്തെ ഏറ്റവും സജീവ അഗ്നിപർവതങ്ങളിൽ ഒന്നായ ഇന്തോനേഷ്യയിലെ മദ്ധ്യ ജാവയിൽ സ്ഥിതി ചെയ്യുന്ന മൗണ്ട് മെറാപി പൊട്ടിത്തെറിച്ചു. പ്രാദേശിക സമയം ഞായറാഴ്ച രാവിലെയൊടെ രണ്ട് തവണയാണ് പൊട്ടിത്തെറി ഉണ്ടായതെന്ന് യോഗ്യാകാർത്ത ജിയോളജിക്കൽ ഡിസാസ്റ്റർ ടെക്നോളജി റിസേർച്ച് ഡെവലപ്മെന്റ് സെന്റർ അറിയിച്ചു.

ആദ്യത്തെ പൊട്ടിത്തെറിയിൽ 6,000 മീറ്റർ ഉയരത്തിലാണ് ചാരവും പുകയും തീയും ഉയർന്നു പൊങ്ങിയത്. ഇത് 328 സെക്കന്റുകൾ നീണ്ടു നിന്നു. രണ്ടാമത്തെ പൊട്ടിത്തെറി 100 സെക്കന്റുകൾ നീണ്ടു നിന്നു. സമീപ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങളെയെല്ലാം മാറ്റിപാർപ്പിച്ചു. മെറാപിയ്ക്ക് ചുറ്റും പുകയും ചാരവും നിറഞ്ഞിരിക്കുകാണ്. 2010ൽ മൗണ്ട് മെറാപിയിലുണ്ടായ സ്ഫോടനത്തെ തുടർന്ന് 353 പേർ മരിച്ചിരുന്നു. 400,000ത്തോളം പേരെയാണ് അന്ന് മാറ്റിപാർപ്പിച്ചത്.അഗ്നിപർവത സ്ഫോടനങ്ങൾക്കും ഭൂചലനങ്ങൾക്കും സുനാമിയ്ക്കും സാദ്ധ്യത കൂടിയ മേഖലയാണ് 270 ദശലക്ഷം ജനങ്ങൾ ജീവിക്കുന്ന ഇന്തോനേഷ്യ.

മൗണ്ട് മെറാപിയിലുണ്ടായ സ്ഫോടനത്തിന്റെ ശബ്ദം കിലോമീറ്റർ അകലെയുള്ള ജാവയിലെ ഗ്രാമങ്ങളിൽ വരെ കേട്ടതായി പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇന്തോനേഷ്യയിലെ 500 ഓളം അഗ്നിപർവതങ്ങളിൽ ഏറ്റവും സജീവമാണ് 9,737 അടി ഉയരമുള്ള മൗണ്ട് മെറാപി.