lockdown

തിരുവനന്തപുരം: തിരുവനന്തപുരത്ത് കൊവിഡ് നിയന്ത്രണങ്ങൾ കർശനമാക്കുകയാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. തലസ്ഥാനത്തെ സമരങ്ങളിൽ പത്തുപേരിലധികം പങ്കെടുക്കരുത്. സർക്കാർ പരിപാടികളിൽ 20പേരിൽ താഴെ മാത്രമെ പാടുള്ളൂവെന്നുമാണ് നിർദേശം. ആശുപത്രികളിൽ സന്ദർശകർക്ക് വിലക്കേർപ്പെടുത്തിയിട്ടുണ്ട്. കൂട്ടിരിപ്പിന് ഒരാൾ മാത്രമെ പാടുള്ളു. ആട്ടോറിക്ഷയിൽ യാത്ര ചെയ്യുമ്പോൾ പേരും വണ്ടിനമ്പരും കുറിച്ചെടുക്കണമെന്ന് പറഞ്ഞ മന്ത്രി ഗ്രാമപ്രദേശങ്ങളിലെ ചന്തകൾ തുറക്കുമെന്നും നിയന്ത്രണങ്ങൾ പാലിക്കാത്ത കടകൾ അടപ്പിക്കുമെന്നും വ്യക്തമാക്കി.

തിരുവനന്തപുരത്ത് ഉറവിടമറിയാത്ത കൊവിഡ് രോഗികൾ കൂടിയ പശ്ചാത്തലത്തിലായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രൻ ജനപ്രതിനിധികളുടെ യോഗം വിളിച്ചുചേർത്തത്. തിരുവനന്തപുരം ജില്ലയിലെ കണ്ടെയ്ന്റ്മെന്റ് സോണുകളായി പ്രഖ്യാപിച്ചിട്ടുള്ള കാട്ടാക്കട പഞ്ചായത്തിലെ പത്തു വാർഡുകളിലും തിരുവനന്തപുരം നഗരസഭയിലെ മൂന്നു വാർഡുകളിലെ അഞ്ച് പ്രദേശങ്ങളിലും രോഗ നിയന്ത്രണ പ്രവർത്തനങ്ങൾ യോഗം വിലയിരുത്തി.

കാട്ടാക്കട പഞ്ചായത്തിലെ പത്തു വാർഡുകളിൽ 1495 വീടുകൾ ആരോഗ്യസംഘം സന്ദർശിച്ചു. ഇതുവരെ പ്രഥമിക സമ്പർക്ക പട്ടികയിലുള്ള 280 പേരുടെ സ്രവം പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. 106 പേരുടെ ഫലം ലഭിച്ചതിൽ എല്ലാം നെഗറ്റീവാണ്. മണക്കാട്, ആറ്റുകാൽ, കാലടി വാർഡുകളിലുള്ള അഞ്ചിടങ്ങൾ തീവ്രമേഖലയാണ്. ഇവിടെ ഇന്ന് മുതൽ സ്രവ പരിശോധന ആരംഭിക്കും.