വെറും ബിരുദോത്പാദന ശാലകളായി പ്രവർത്തിക്കുന്ന സംസ്ഥാനത്തെ കലാലയങ്ങളെ കാലാനുസൃതമായി മാറ്റിയെടുക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് ശ്രമം തുടങ്ങിയിരിക്കുകയാണ്. കലാശാലകളിലെ പാഠ്യവിഷയങ്ങൾ പരിഷ്കരിക്കുന്നതു സംബന്ധിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട വിദഗ്ദ്ധ സമിതി സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചുകഴിഞ്ഞു. കാതലായ ഒട്ടേറെ മാറ്റങ്ങളാണ് ശുപാർശ ചെയ്യപ്പെട്ടിരിക്കുന്നത്. ബിരുദ - ബിരുദാനന്തര തലങ്ങളിൽ ആകെ ഒരു പൊളിച്ചെഴുത്താണ് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്യുന്നത്. കാലത്തിന്റെ ആവശ്യം മനസിലാക്കിയുള്ളവയാണ് ശുപാർശകളിലധികവും എന്നു കാണാം. കെട്ടിനിൽക്കുന്ന ജലം പോലെ ഏതാണ്ടു നിശ്ചലാവസ്ഥയിൽ തുടരുന്ന ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് നവോന്മേഷം പകരാനുതകുന്ന നല്ല നിർദ്ദേശങ്ങൾ പലതുമുണ്ട്. ഉദ്യോഗത്തിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത ബിരുദമായതിനാൽ ഏറെക്കാലമായി കലാലയങ്ങളിൽ അതിനിണങ്ങുന്ന വിഷയങ്ങൾ മാത്രം കേന്ദ്രീകരിച്ചുള്ള പഠനരീതിയാണ് പിന്തുടർന്നു പോന്നത്. അടുത്ത കാലത്ത് കുറച്ചു മാറ്റങ്ങൾ വന്നിട്ടില്ലെന്നല്ല. എന്നാലും പഴയ പാത തീരെ വിട്ടുവരാനുള്ള ശ്രമം ഇതുവരെ ഉണ്ടായിട്ടില്ല. നവീന കോഴ്സുകൾക്കായി കുട്ടികൾ അന്യദേശത്തേക്ക് കൂട്ടമായി പോവുന്നതു കണ്ടിട്ടും നമ്മുടെ കലാലയങ്ങളിൽ അത്തരം കോഴ്സുകൾ കൊണ്ടുവരണമെന്നു തോന്നിയില്ല. ഇപ്പോഴാണ് അതിനു സാദ്ധ്യത തെളിയുന്നത്. പുതിയ മാറ്റം വിദ്യാർത്ഥി ലോകം ഏറെ സ്വാഗതം ചെയ്യുമെന്നതിൽ സംശയമില്ല. ദീർഘനാളായി അവർ ഇതിനായി കാത്തിരിക്കുകയാണ്.
മൂന്നുവർഷ ബിരുദ കോഴ്സ് നാലുവർഷ ഓണേഴ്സ് കോഴ്സായി മാറ്റണമെന്നതാണ് വിദഗ്ദ്ധ സമിതിയുടെ സുപ്രധാന ശുപാർശകളിലൊന്ന്. സംസ്ഥാനത്തിനു പുറത്തുള്ള സർവകലാശാലകൾ പിന്തുടരുന്ന ട്രിപ്പിൾ മെയിൻ സമ്പ്രദായത്തിനും ശുപാർശയുണ്ട്. മൂന്നു വർഷത്തിനും ഒരേ പോലെ പ്രാധാന്യം നൽകിയുള്ള പഠന രീതിയാണിത്. ബിരുദാനന്തര പഠനത്തിന് ഇതിൽ ഏതു വിഷയവും സ്വീകരിക്കാം. നാലുവർഷ സ്പെഷ്യലൈസ്‌ഡ് ബിരുദ കോഴ്സും ഉണ്ടാകും. ഗവേഷണത്തിനു കൂടി അവസരമുള്ള കോഴ്സാണിത്. മറ്റിടങ്ങളിൽ സാധാരണമായിക്കഴിഞ്ഞ സംയോജിത ബിരുദ ബിരുദാനന്തര കോഴ്സുകളാകും മറ്റൊരു നൂതന സംരംഭം. ഇപ്പോൾത്തന്നെ ഇവിടെ ചുരുക്കം സ്വാശ്രയ - സ്വകാര്യ കോളേജുകൾ ഈ സമ്പ്രദായം പിന്തുടരുന്നുണ്ട്.
മികച്ച ട്രാക്ക് റെക്കാഡുള്ള കോളേജുകൾക്കാകും പുതിയ കോഴ്സുകൾ അനുവദിക്കുക. അനേകം നവീന കോഴ്സുകളാണ് വിദഗ്ദ്ധ സമിതി ശുപാർശ ചെയ്തിട്ടുള്ളത്. മികച്ച ജോലി സാദ്ധ്യതയുള്ളവയാണ് അതിലധികവും. മെഡിക്കൽ രംഗവുമായി ബന്ധപ്പെട്ട് എപ്പിഡമിയോളജി, വൈറോളജി, ഇമ്മ്യൂണോളജി, ബയോളജിക്കൽ ഡേറ്റ മാനേജ്മെന്റ്, മെഡിക്കൽ ഡോക്യുമെന്റേഷൻ തുടങ്ങിയവയാണ് ഇതിൽ പ്രധാനം. അതുപോലെ വിവര സാങ്കേതിക മേഖലയുമായി ബന്ധപ്പെട്ടും ഏറെ തൊഴിലവസര സാദ്ധ്യതയുള്ള പുതിയ കോഴ്സുകൾക്കും ശുപാർശയുണ്ട്. കുട്ടികളുടെ തൊഴിൽ വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കാനുതകുന്ന ഹ്രസ്വകാല കോഴ്സുകൾ കോളേജുകളിൽ ആരംഭിക്കാവുന്നതാണ്. ഭാഷാവിഷയങ്ങളിലും ഒട്ടധികം പുതിയ കോഴ്സുകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഈ അദ്ധ്യയന വർഷം തന്നെ ഇരുന്നൂറോളം കോളേജുകളിൽ പുതിയ കോഴ്സുകൾ തുടങ്ങാനുള്ള ശ്രമത്തിലാണ് സർക്കാർ. പുതിയ കോഴ്സുകൾക്കൊപ്പം പരമ്പരാഗത കോഴ്സുകളും തുടരുക എന്നതാണ് സർക്കാരിന്റെ സമീപനം. ഏതെങ്കിലുമൊരു ബിരുദം മാത്രം മതിയെന്നു കരുതുന്ന സാധാരണ വിദ്യാർത്ഥികളുടെ താത്‌പര്യം കണക്കിലെടുത്താണിത്. വിദേശ രാജ്യങ്ങളിൽ ഉപരിപഠനമാഗ്രഹിക്കുന്ന കുട്ടികളെ ഉദ്ദേശിച്ചാണ് നാലുവർഷ ഡിഗ്രി ഓണേഴ്സ് കോഴ്സ് ആരംഭിക്കുന്നത്. ഓരോ വർഷവും അനവധി കുട്ടികൾ ഉപരിപഠനാർത്ഥം വിദേശ സർവകലാശാലകളിൽ പോകുന്ന സാഹചര്യത്തിൽ നേരത്തെ തന്നെ നടപ്പാക്കേണ്ടിയിരുന്ന പരിഷ്കാരമാണിത്. പുതിയ മാറ്റങ്ങൾക്കൊപ്പം പരീക്ഷാസമ്പ്രദായത്തിലും കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് വിദഗ്ദ്ധ സമിതി റിപ്പോർട്ട്. വിദ്യാർത്ഥികളുടെ ക്രിയാത്മക കഴിവും അഭിരുചിയും പുറത്തുകൊണ്ടുവരാനുതകുന്ന തരത്തിലാകണം പരീക്ഷകൾ. അതിന് ചോദ്യപേപ്പറുകളിൽ മാത്രം അധിഷ്ഠിതമായ പരീക്ഷ പോരാ. രചനാരീതി പ്രോത്സാഹിപ്പിക്കാനും വഴി കണ്ടെത്തണം. രണ്ടോ അതിലധികമോ സർവകലാശാലകൾ ചേർന്ന് ബിരുദാനന്തര ബിരുദ കോഴ്സുകൾ നടത്താനുള്ള സമിതി ശുപാർശയും പുതുമയുള്ളതാണ്.
സ്വാഭാവികമായും ഉയർന്ന ഗ്രേഡുള്ള കോളേജുകൾക്കായിരിക്കും പുതിയ കോഴ്സുകൾ ലഭ്യമാവുക. അവിടങ്ങളിൽ പ്രവേശനത്തിനും കടുത്ത മത്സരവും വന്നുചേരും. സർക്കാർ മേഖലയിൽ കോളേജുകൾ നന്നേ കുറവായതിനാൽ സ്വകാര്യ - സ്വാശ്രയ കോളേജുകൾക്കാവും ഇതിൽ നേട്ടമുണ്ടാവുക. നല്ല കോഴ്സുകൾക്ക് പ്രവേശനം ലഭിക്കാൻ മെരിറ്റിനൊപ്പം കോഴയും എന്നതാണ് നിലവിലുള്ള അവസ്ഥ. ഉന്നത വിദ്യാഭ്യാസ രംഗത്തു നടമാടുന്ന ഈ ദുരവസ്ഥയ്ക്ക് കടിഞ്ഞാണിടാൻ കൂടി നടപടി ഉണ്ടാകണം. അതല്ലെങ്കിൽ പ്രൊഫഷണൽ വിദ്യാഭ്യാസ രംഗത്തെ തലവരി ഏർപ്പാട് കലാലയ മേഖലയിലും അർബുദം പോലെ പടരാനിടയുണ്ട്.
മറ്റൊന്നുകൂടി പ്രധാനമായുണ്ട്. പുതിയ കോഴ്സുകൾ കൈകാര്യം ചെയ്യാനറിയുന്ന ഫാക്കൽറ്റിയുടെ സാന്നിദ്ധ്യമാണത്. കുട്ടികൾക്കൊപ്പം അദ്ധ്യാപകരും പഠിച്ചുതുടങ്ങിയാലേ പുതിയ കോഴ്സുകളിൽ പലതും അനുഭവവേദ്യമാവൂ. അച്ഛനപ്പൂപ്പന്മാരുടെ കാലത്തെ പഠന നോട്ടുകളുമായി ഇപ്പോഴും ക്ളാസിലെത്തുന്ന അദ്ധ്യാപകരുണ്ടെന്ന വസ്തുത നിലനിൽക്കുന്നതുകൊണ്ടാണ് ഇതു പറയേണ്ടിവരുന്നത്.