ന്യൂഡൽഹി: ഇന്ത്യ-ചൈന സംഘർഷവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ച മൻമോഹൻ സിംഗിന് മറുപടിയുമായി ബി.ജെ.പി. സൈന്യത്തെ ആവർത്തിച്ച് അപമാനിക്കുന്നതും അവരുടെ ധൈര്യത്തെ ചോദ്യം ചെയ്യുന്നതും അവസാനിപ്പിക്കണമെന്ന് ബി.ജെ.പി അദ്ധ്യക്ഷൻ ജെ.പി.നദ്ദ ആവശ്യപ്പെട്ടു. തെറ്റായ വിവരങ്ങൾ നൽകുന്നത് നയതന്ത്രത്തിന് പകരമാകില്ലെന്ന് പറഞ്ഞ അദ്ദേഹം ഇത്തരം സാഹചര്യങ്ങളിൽ ദേശീയ ഐക്യത്തിന്റെ യഥാർതഥ അർത്ഥം മനസിലാക്കണമെന്നും അഭിപ്രായപ്പെട്ടു.
ഇന്ത്യയുടെ ഭൂപ്രദേശം ചൈനയ്ക്ക് അടിയറവച്ച അതേ പാർട്ടിയിലാണ് മൻമോഹൻ സിംഗ് നിലകൊള്ളുന്നത്. മൻമോഹൻ സിംഗ് പ്രധാനമന്ത്രിയായിരുന്ന കാലത്ത് ചൈനയുടെ കടന്നുകയറ്റത്തെ കുറിച്ച് അദ്ദേഹം ആശങ്കപ്പെട്ടില്ല. യു.പി.എയുടെ ഭരണകാലത്താണ് പോരാടാൻ പോലും തയ്യാറാകാതെയാണ് ചൈനയ്ക്ക് മുന്നിൽ അടിയറവ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം പരിഹസിച്ചു.
മൻമോഹൻ സിംഗിന് വിവിധ വിഷയങ്ങളിൽ അദ്ദേഹത്തിന്റെ ജ്ഞാനം പങ്കുവയ്ക്കാൻ കഴിയും. എന്നാൽ പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഉത്തരവാദിത്വങ്ങൾ അതിലൊന്നല്ല. യു.പി.എയുടെ കാലത്ത് ആ ഓഫീസിന്റെ പ്രവർത്തനം ക്രമാനുഗതമായി മോശപ്പെട്ടു, ഒപ്പം സൈന്യത്തോട് അനാദരവും കാണിച്ചു. എന്നാൽ എൻ.ഡി.എ അത് മാറ്റിമറിക്കുകയാണ് ഉണ്ടായതെന്നും നദ്ദ കുറ്റപ്പെടുത്തി.