തിരുവനന്തപുരം: അങ്കമാലിയിൽ അച്ഛന്റെ ക്രൂരതയ്ക്ക് ഇരയായി കോലഞ്ചേരി ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന പിഞ്ചുകുഞ്ഞിന് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ മന്ത്രി കെ.കെ ശൈലജ അറിയിച്ചു. കുട്ടിയുടെ ചികിത്സ വനിത ശിശുവികസന വകുപ്പിന്റെ കീഴിലുള്ള ശിശു സംരക്ഷണ സമിതി ഏറ്റെടുത്തിട്ടുണ്ട്. കൂടുതൽ വിദഗ്ദ്ധ ചികിത്സ ആവശ്യമുണ്ടെങ്കിൽ അതനുസരിച്ചുള്ള ഇടപെടലുകൾ ആരോഗ്യ വകുപ്പ് നടത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
54 ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനോടുള്ള അച്ഛന്റെ ക്രൂരത വേദനാജനകമാണ്. കുടുംബത്തിൽ നിന്നാണ് കുട്ടികൾക്ക് നേരെ പലപ്പോഴും ക്രൂര മർദനമുണ്ടാകുന്നത്. അതിനാൽ തന്നെ അയൽക്കാരും ബന്ധുക്കളും ശ്രദ്ധിക്കേണ്ടതുണ്ട്. തണൽ പദ്ധതിയിലെ 1517 എന്ന ഫോൺ നമ്പരിൽ കുട്ടികൾക്ക് നേരെയുള്ള എല്ലാത്തരം അതിക്രമങ്ങളും വിളിച്ചറിയിക്കാവുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം കുഞ്ഞിന്റെ രക്തസ്രാവം നിയന്ത്രിക്കുന്നതിന് വേണ്ടി നടത്തിയ അടിയന്തര ശസ്‌ത്രക്രിയ പൂർത്തിയായതായി ആശുപത്രി അധികൃതർ അറിയിച്ചു. ശസ്ത്രക്രിയ കഴിഞ്ഞ കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തിലേക്ക് വീണ്ടും മാറ്റി.