കുട്ടികളുടെ ചികിത്സ മുഖ്യ കർമ്മമണ്ഡലമാണെങ്കിലും ചിലപ്പോഴൊക്കെ ചില ചില്ലറ വൃദ്ധചികിത്സയും ഐച്ഛികമായി ചെയ്യാറുണ്ട്, ഈയുള്ളവൻ!

ശങ്കരാടി പറയുന്നതുപോലെ ഇച്ചിരി തേങ്ങാ പിണ്ണാക്ക്, ഇച്ചിരി പരുത്തിക്കുരു, ഇച്ചിരി തവിടുപൊടി...

ഇച്ചിരി ബി.പി, ഇച്ചിരി ചുമ, ഇച്ചിരി പനി... ഇതൊക്കെ നോക്കി കൊടുക്കും, പ്രതിഫലമില്ലാതെ!

അങ്ങനെയുള്ള ചെറിയ ലിസ്റ്റിൽപെട്ട വയോജനങ്ങളിൽ വളരെ പ്രത്യേകതകളുള്ള കഥാപാത്രമാണ് വിദ്യാധരൻ മാഷ്.

55 വയസ്സ് പ്രായം.അവിവാഹിതൻ.ഒറ്റയ്ക്കു താമസം.വളരെ ചിട്ടയുള്ള മനുഷ്യൻ.തസ്തിക: ലൈബ്രേറിയൻ.

ജോലി ചെയ്യുന്ന ലൈബ്രറിയിലെ ഒട്ടുമുക്കാൽ പുസ്തകങ്ങളും വായിച്ചിട്ടുള്ള ചരിത്രമുള്ളവൻ! ഏതു പുതിയ പുസ്തകം വന്നാലും അതു വായിച്ചു രസിച്ചിട്ടേ മറ്റാർക്കും കൊടുക്കൂ.

ലൈബ്രറി കാന്റീനിലെ സപ്ളൈയറുടെ കുട്ടിയെ കാണിക്കാൻ വന്നപ്പോഴാണ് വിദ്യാധരനെ പരിചയപ്പെടുന്നത്.

ആരോഗ്യത്തിന് ഒരു കുറവുമില്ല. സ്വന്തം കൃഷി. സ്വന്തം പാചകം വ്യായാമം. വിശ്രമം. നല്ല ഉറക്കം.

അല്ലലില്ല. സന്തോഷം മാത്രം. ആരെയും സഹായിക്കും.

മൊബൈൽ ഫോൺ ഇല്ല.

ഇതൊക്കെ എന്നെ ആകർഷിച്ചെങ്കിലും ഇദ്ദേഹത്തിന്റെ പ്രവചന സ്വഭാവമുള്ള നിരീക്ഷണങ്ങളാണ് വിദ്യാധരനെ കൂടുതൽ ശ്രദ്ധിക്കാൻ കാരണമായത്.

മഴ രണ്ടുദിവസം നീണ്ടപ്പോൾ മാഷ് പറഞ്ഞു ഇത് പ്രളയം തന്നെ.

ഞാൻ ചിരിച്ചു.

പിന്നെ സംഭവിച്ചത് പ്രളയം

ആദ്യ പ്രളയം കഴിഞ്ഞപ്പോൾ ഇനി തീപിടിത്തമാണെന്ന് ആരോ തള്ളി.

അപ്പോഴും വിദ്യാധരൻ മാഷ് പറഞ്ഞു, അല്ല, രണ്ടാം പ്രളയം വരും.

ഞാൻ പുഞ്ചിരിച്ചു.

ആ പുഞ്ചിരി മായിച്ചുകൊണ്ട് രണ്ടാം പ്രളയവും സംഭവിച്ചു.

അച്ചട്ടായിരുന്നു പ്രവചനം!

ഏതു സംഭവം നടക്കുന്നതിനു മുമ്പും വിദ്യാധരൻ മാഷിനോട് പ്രവചനം തേടുന്നത് പിന്നീട് എന്റെ ഒരു ശീലമായി.

ജ്യോത്സ്യം വശമില്ല. അതിൽ വിശ്വാസവുമില്ല.

നിരീക്ഷണം.അറിവു തേടിയും വിവേക ബുദ്ധിയോടെയുമുള്ള അവലോകനം.

വിദ്യാധരൻ ശരിക്കും ഒരു കിടു തന്നെയാണെന്ന് അനുഭവങ്ങളിലൂടെ ബോദ്ധ്യമായി.

അങ്ങനെയിരിക്കെയാണ് കൊറോണയടെ ഒരു ഒന്നൊന്നര വരവ്.

ചൈനയിൽ ഉത്ഭവിച്ചപ്പോൾ തന്നെ മാഷ് പറഞ്ഞു.

ഇത് ലോകം മുഴുവൻ പരക്കും.തമാശ കേട്ടപോലെ ഞാൻ ചിരിച്ചു.

പക്ഷേ പരന്നു!

എല്ലാവരും വൈറസിനെ പേടിച്ച് വീടുകളിൽ ഒളിച്ചിരിക്കുമെന്ന് പറഞ്ഞു.

ഞാൻ പുഞ്ചിരിച്ചു.പക്ഷേ ഒളിച്ചു.

മഹത്തായ ലോക്ക് ഡൗൺ.

ടിവി കാണാത്ത, ഇന്റർനെറ്റ് ഉപയോഗിക്കാത്ത വിദ്യാധരൻ മാഷ് ഇതെങ്ങനെ പ്രവചിക്കുന്നു?

ലോക്ക് ഡൗണിനുശേഷം കക്ഷിയെ കാണാനും പറ്റുന്നില്ല. ഫോണുമില്ലല്ലോ!

പരക്കെ അന്വേഷിച്ചു. കണ്ടെത്തിയില്ല.

മാസ്ക് അണിഞ്ഞുപോകുന്നവരെ ഞാൻ സൂക്ഷ്മമായി നോക്കാൻ തുടങ്ങി വിദ്യാധരൻ മാഷ്?

വൈറോളജിസ്റ്റും എപ്പിഡമിയോളജിസ്റ്റും ഇമ്മ്യൂണോളജിസ്റ്റും പിന്നെ പേരറിയാത്ത ഇസ്റ്റുകളും ഇസ്റ്റുകളല്ലാത്ത ഇഷ്ടന്മാരും പ്രവചനങ്ങൾ നടത്തിക്കൊണ്ടിരിക്കുമ്പോൾ...

ആധുനിക വൈദ്യശാസ്ത്രത്തിന്റെ വ രാന്ത പോലും കേറിയിട്ടില്ലാത്തവർ ആധികാരികമായി തള്ളുന്ന അന്തിചർച്ചകൾ അരങ്ങ് വാഴുമ്പോൾ...

ഒരു മോഹം.

വിദ്യാധരൻ മാഷിനെ ഒന്നു കണ്ടാലോ? ഒരു പ്രവചനം കേട്ടാലോ?

മാസ്ക്കും വെച്ച് വീടന്വേഷിച്ചു നടന്നു. കണ്ടെത്തി.

മുൻവശത്തെ വാതിലിൽ മുട്ടാൻ ഒരുങ്ങിയപ്പോൾ ഒരു വലിയ ബോർഡ് തൂക്കിയിട്ടിരിക്കുന്നത് ശ്രദ്ധിച്ചു.

''ഞാനൊരു പുസ്തക രചനയിലാണ്. ആരും ശല്യപ്പെടുത്തരുതെന്നപേക്ഷ.

'പ്രവചനങ്ങളും ചില മണ്ടശിരോമണികളും" എന്ന പുസ്തകം പ്രസി​ദ്ധീകരി​ക്കുമ്പോൾ വാങ്ങി​ വായി​ ക്കണമെന്ന് അഭ്യർത്ഥി​ക്കുന്നു.

നന്ദി​,

വി​ദ്യാധരൻ.

പ്രവചനം തേടി​ വന്ന എന്നെയാണോ അതോ പ്രവചനങ്ങൾ തള്ളുന്ന മഹാനുഭാവന്മാരെ ആണോ മാഷ് ഉദ്ദശിച്ചതെന്നു മനസി​ലാകാതെ ഞാൻ തി​രി​കെ നടന്നു.