കൊച്ചി: പാർട്ടി ചിലപ്പോൾ കോടതിയും പൊലീസ് സ്റ്റേഷനും കൂടിയാണെന്ന വിവാദപരാമർശം നടത്തിയ വനിതാ കമ്മിഷൻ അദ്ധ്യക്ഷ എം സി ജോസഫൈനെ സ്ഥാനത്തുനിന്ന് മാറ്റണമെന്ന ഹർജി ഹൈക്കോടതി വിധി പറയാനായി മാറ്റി. ബി.ജെ.പി നേതാവ് ബി. രാധാകൃഷ്ണ മേനോനാണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്.ജുഡീഷ്യൽ പദവിയിലിരുന്ന് വിവാദ പ്രസ്താവന നടത്തിയ ജോസഫൈനെ നീക്കാൻ സർക്കാറിന് നിർദ്ദേശം നൽകണമെന്നതടക്കമുള്ള ആവശ്യങ്ങളാണ് ഹർജിയിൽ ആവശ്യപ്പെട്ടിരുന്നത്.
കഠിനംകുളത്ത് കൂട്ട ബലാൽസംഗത്തിന് ഇരയായ യുവതിയെ കാണാനെത്തിയപ്പോഴാണ് വനിതാ കമ്മീഷൻ അദ്ധ്യക്ഷ വിവാദപ്രസ്താവന നടത്തിയത്. സാധാരണക്കാർ പ്രതികളാകുന്ന കേസുകളിലുണ്ടാകുന്ന കമ്മീഷന്റെ അതിവേഗ ഇടപെടൽ പാലക്കാട്ടെ സി.പി.എം എം.എൽ.എ പി.കെ.ശശിക്കെതിരായ കേസിൽ ഉണ്ടായില്ലല്ലോയെന്ന് ചോദിച്ചപ്പോഴാണ് പ്രകോപിതയായത്.