pic

തിരുവനന്തപുരം: സംസ്ഥാനത്ത് ത്രിവൽസര ബിരുദ കോഴ്‍സുകൾ തുടരുമെന്ന് വ്യക്തമാക്കി ഉന്നത വിദ്യാഭ്യാസ വകുപ്പ് . ഈ അദ്ധ്യയന വർഷം തുടങ്ങാനിരിക്കുന്ന പുതിയ കോഴ്‍സുകളിൽ മാത്രമാവും പരിഷ്‍കാരങ്ങൾ ഏർപ്പെടുത്തുക. ബിരുദ കോഴ്‍സുകൾ നാല് വർഷമാക്കി ഉയർത്തണമെന്ന് സർക്കാർ നിയോഗിച്ച വി‌ദഗ്‌ദ്ധ സമിതി നൽകിയ ശുപാർശക്ക് പിന്നാലെയാണ് ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം.

വിദേശ സർവകലാശാലകളിൽ പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് മാത്രമായി ഓണേഴ്സ് ബിരുദ കോഴ്സുകൾ തുടങ്ങാനാണ് ആലോചനയെന്നും ത്രിവത്സര ബിരുദം തുടരുമെന്നുമാണ് ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീൽ വ്യക്തമാക്കിയത്. ബിരുദവും ബിരുദാനന്തര ബിരുദവും ഒന്നിച്ച് സാദ്ധ്യമാകുന്ന ഇന്റഗ്രേറ്റഡ് പി.ജി കോഴ്‍സുകൾ വ്യാപകമാക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. പരിഷ്‍കരണ നടപടികൾ ഉൾക്കൊളളുന്ന 200 പുതിയ കോഴ്‍സുകൾ തുടങ്ങുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് നിലവിലുളള ബിരുദ കോഴ്സുകൾ പലതിനും വിദേശ സർവകലാശാലകളുടെ അംഗീകാരമില്ലെന്നായിരുന്നു സർക്കാർ നിയോഗിച്ച വിദഗ്‍ദ്ധ സമിതിയുടെ കണ്ടെത്തൽ. ഈ സാഹചര്യത്തിലാണ് ശാസ്ത്രവിഷയങ്ങളിലടക്കം നാല് വർഷം ഓണേഴ്സ് ബിരുദമെന്ന നിർദേശം എം.ജി സർവകലാശാല വി.സി ഡോക്ടർ സാബു തോമസ് അദ്ധ്യക്ഷനായ സമിതി സർക്കാരിന് നൽകിയത്.