covid

റോം : കൊറോണ വൈറസിന്റെ ശക്തി കുറയുന്നതായും വാക്സിന്റെ സഹായമില്ലാതെ ലോകത്ത് നിന്നും അപ്രത്യക്ഷമാകുമെന്നും ഇറ്റാലിയൻ ഡോക്ടർ. സാൻ മാർട്ടിനോയിലെ പകർച്ചവ്യാധി രോഗ വിദഗ്ദനായ ഡോ. മാറ്റിയോ ബാസെറ്റിയുടേതാണ് പ്രസ്താവന. ജനിതക ഘടനയിൽ ഉണ്ടായ മാറ്റം കാരണമായിരിക്കാം, കൊറോണ വൈറസിന്റെ ശക്തി കുറഞ്ഞു വരുന്നതായാണ് പഠനങ്ങൾ സൂചിപ്പിക്കുന്നതെന്ന് മാറ്റിയോ ചൂണ്ടിക്കാട്ടി.

മാർച്ചിലും ഏപ്രിൽ ആദ്യവും വൈറസിന്റെ ശക്തി വളരെ കൂടുതലായിരുന്നു. അന്ന് താൻ ഉൾപ്പെടെയുള്ള ഡോക്ടർമാരുടെ മുന്നിലെത്തിയ കൊവിഡ് രോഗികളുടെയെല്ലാം നില വളരെ ഗുരുതരമായിരുന്നു. ഭൂരിഭാഗം പേർക്കും ഓക്സിജന്റെയും വെന്റിലേറ്ററുകളുടെയും സഹായം അനിവാര്യമായിരുന്നു. നിരവധി പേർക്ക് ന്യുമോണിയ ബാധിച്ചു. എന്നാൽ ഇപ്പോൾ സ്ഥിതിയിൽ നല്ല വ്യത്യാസം വന്നിട്ടുണ്ട്. 80 - 90 വയസ് പ്രായമുള്ളവർക്ക് പോലും വെന്റിലേറ്ററുകളുടെ സഹായം ആവശ്യമായി വരുന്നില്ല.

ജനങ്ങൾ സാമൂഹ്യ അകലം പാലിക്കുന്നതിന്റെ ഫലമായി ജനിത ഘടനയിൽ ഉണ്ടാകുന്ന വ്യതിയാനമാണ് വൈറസിന്റെ ശക്തി കുറയാൻ കാരണമാകുന്നത്. ലോക്ക്ഡൗണിനെ തുടർന്ന് വീടുകളിൽ കഴിയുന്നതിനാൽ മിക്കവരിൽ മറ്റ് വൈറസുകളുടെ സാന്നിദ്ധ്യം കുറവായിരിക്കും. സാമൂഹ്യ അകലം, മാസ്ക് തുടങ്ങിയ ഘടകങ്ങളും വൈറസുകളെ അകറ്റാൻ സഹായിക്കുന്നു. അതിനാൽ കൊറോണ വൈറസിനെതിരെ നമ്മുടെ പ്രതിരോധ ശേഷി ശക്തമായി പ്രതികരിക്കുകയും ചെയ്യുന്നു.

എന്നാലും കൊറോണ വൈറസിന് ഇപ്പോൾ ശക്തി കുറയുന്നു എന്നത് സംബന്ധിച്ച ശാസ്ത്രീയ തെളിവുകളെ പറ്റി കൂടുതൽ പഠനങ്ങൾ നടക്കേണ്ടതുണ്ട്. സാമൂഹ്യ അകലത്തിലൂടെയും മറ്റും വാക്സിൻ കണ്ടെത്തുന്നതിന് മുമ്പ് തന്നെ കൊറോണ വൈറസിനെ ഇല്ലാതാക്കാൻ സാധിക്കുമെന്നും മാറ്റിയോ പറയുന്നു.

എന്നാൽ മാറ്റിയോ ബാസെറ്റിയുടെ അഭിപ്രായമല്ല ഭൂരിഭാഗം ശാസ്ത്രജ്ഞർക്കും. കൊറോണ വൈറസ് ഇപ്പോഴൊന്നും ഭൂമി വിട്ട് പോകില്ലെന്നും. വൈറസിനെ തുടച്ചു നീക്കാൻ വർഷങ്ങൾ വേണ്ടി വന്നേക്കാമെന്നും ഇവർ പറയുന്നു. വസൂരിയ്ക്കും മറ്റും കണ്ടെത്തിയത് പോലെ ശക്തമായ ഒരു വാക്സിൻ കൊണ്ട് മാത്രമേ കൊറോണയെ പിടിച്ചു കെട്ടാൻ സാധിക്കൂ എന്ന് ആരോഗ്യ വിദഗ്ദർ പറയുന്നു.