covid

തിരുവനന്തപുരം: ചാർട്ടേഡ് വിമാനങ്ങളിൽ വരുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്ന കേരളത്തിന്റെ നിലപാട് അംഗീകരിച്ചെന്ന് കേന്ദ്രസർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ഏതു സാഹചര്യത്തിലാണ് കേന്ദ്രം ഈ നിബന്ധന അംഗീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു കേന്ദ്ര തീരുമാനവുമായി ബന്ധപ്പെട്ട രേഖകൾ ഹാജരാക്കണമെന്നും കോടതി നിർദേശിച്ചു. കേസ് തിങ്കളാഴ്‌ച വീണ്ടും പരിഗണിക്കും.

ചാർട്ടേർഡ് വിമാനത്തിൽ മടങ്ങുന്ന പ്രവാസികൾക്ക് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. പി.സി.ആർ ടെസ്റ്റിന് പകരം ട്രൂനാറ്റ് ടെസ്റ്റ് അടക്കം മതിയെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. ഹർജിയിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് നിലപാട് അറിയിക്കാൻ ഹൈക്കോടതി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കേന്ദ്രം തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്. അതേസമയം സമാന ഹർജി സുപ്രീം കോടതിയിൽ വന്നെങ്കിലും സംസ്ഥാന സർക്കാരിന്റെ തീരുമാനത്തിൽ ഇടപെടാൻ കോടതി വിസമ്മതിച്ചിരുന്നു.