water

കിളിമാനൂർ: കുഴൽക്കിണറിന് ശാപമോക്ഷമായി. ഒരു ഗ്രാമത്തിന്റെ കുടിവെള്ളത്തിനായുള്ള നീണ്ട കാത്തിരിപ്പിന് വിരാമമാകുന്നു. ലക്ഷങ്ങൾ മുടക്കി കുഴൽക്കിണർ കുഴിച്ചിട്ടും തുടർപ്രവർത്തനങ്ങൾ ഒന്നും ചെയ്യാത്തതിനാൽ കുടിവെള്ളം കിട്ടാക്കനിയായിരുന്ന നഗരൂർ പഞ്ചായത്തിലെ പതിനഞ്ചാം വാർഡായ ഈഞ്ചമൂലയിലെ കുഴൽക്കിണറാണ് മോട്ടോർ ഫിറ്റ് ചെയ്തും ടാങ്കും പൈപ്പ് ലൈനും സ്ഥാപിച്ച് ചെറുകര പൊയ്ക കുടിവെള്ള പദ്ധതി പഞ്ചായത്ത് അധികൃതർ ജനങ്ങൾക്കായി തുറന്നു നൽകിയത്. കുടിവെള്ളത്തിനായി കിലോമീറ്ററുകൾ താണ്ടിയാണ് പ്രദേശത്തെ വീട്ടമ്മമാർ ഉൾപ്പെടെയുള്ളവർ വെള്ളം ശേഖരിച്ചിരുന്നത്. പതിന്നാലോളം പട്ടികജാതി കുടുംബങ്ങൾ ഉൾപ്പെടെ അൻപതോളം കുടുംബങ്ങൾ താമസിക്കുന്ന ഇവിടെ വർഷങ്ങളായി വേനൽ കാലമായാൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. ഈ സാഹചര്യത്തിലാണ് പഞ്ചായത്ത് കുടിവെള്ള പദ്ധതി നടപ്പിലാക്കാൻ തുക അനുവദിച്ച് കുഴൽക്കിണർ കുഴിച്ചത്. ഇത് പ്രദേശ വാസികൾക്ക് പ്രതീക്ഷയും ആശ്വാസവുമാണ് നൽകിയത്. എന്നാൽ കുഴൽക്കിണർ സ്ഥാപിച്ചതൊഴിച്ചാൽ അതിൽ മോട്ടോർ സ്ഥാപിക്കുകയോ വാട്ടർടാങ്കോ പൈപ്പ് ലൈനുകളോ സ്ഥാപിക്കാത്തതിനാൽ ജനങ്ങളുടെ പ്രതീക്ഷയും മങ്ങി. കുഴൽക്കിണർ സ്ഥാപിച്ചപ്പോൾത്തന്നെ ഫണ്ട് തീർന്നു, തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് ഫണ്ടില്ല എന്നാണ് അധികൃതർ പറയുന്നത്. ഇതെല്ലാം ചൂണ്ടിക്കാട്ടി കേരള കൗമുദി വാർത്തയും നൽകിയിരുന്നു. ഇതേ തുടർന്ന് 2019-20സാമ്പത്തിക വർഷം എസ്.സി ഫണ്ടിൽ ഉൾപ്പെടുത്തി പദ്ധതി നടപ്പിലാക്കുകയും മറ്റു വിഭാഗങ്ങളിൽ ഉള്ളവർക്കും ജലം നൽകുന്നതിന് വേണ്ടി പദ്ധതി പ്രയോജനപ്പെടുത്തുകയുമായിരുന്നു. കഴിഞ്ഞ ദിവസം പദ്ധതി ഉദ്ഘാടനം ചെയ്തതോടെ പ്രദേശവാസികളുടെ പതിറ്റാണ്ടുകളായുള്ള ജലക്ഷാമത്തിന് പരിഹാരമാകുകയാണ്.